അയ്യങ്കാളി 'ഐ.എന്‍. കാളി'യാകുന്നു, ഭരണാധികാരികള്‍ തകര്‍ച്ചയുടെ തീവ്രത അറിയുന്നില്ല- എസ്.കെ. വസന്തന്‍

തിരുവനന്തപുരം: നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ച ദളിത് നേതാവിന്റെ പേര് എന്താണ്? എം.എ. വിദ്യാര്‍ഥിയുടെ ഉത്തരം- 'ഐ.എന്‍.കാളി'. ഇങ്ങനെ ഉത്തമെഴുതിയ വിദ്യാര്‍ഥിയ്ക്ക് കൊടുത്തത് പൂജ്യം മാര്‍ക്ക്. അയ്യന്‍കാളിയിലെ 'അയ്യന്‍' എന്നത് ഐ.എന്‍. എന്ന ഇനിഷ്യലാണെന്ന് ധരിച്ചിരുന്നു ആ വിദ്യാര്‍ഥി. ഇക്കഥ ഓര്‍മിപ്പിച്ചത് പ്രശസ്തനായ അധ്യാപകന്‍, എഴുത്തുകാരന്‍ ഡോ. എസ്.കെ. വസന്തന്‍. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച ചടങ്ങിൽ നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വിമര്‍ശനവും.
ഡോ. എസ്.കെ. വസന്തന്റെ വാക്കുകള്‍- 'ആറര പതിറ്റാണ്ടിലധികമായി അധ്യാപനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. ആ ഭാഗ്യം ലഭിച്ചതില്‍ സന്തുഷ്ടനും സംതൃപ്തനുമാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു അപ്രിയസത്യം ഈ സന്ദര്‍ഭത്തില്‍ പറയാതിരുന്നാല്‍ എന്റെ മനസാക്ഷിയോടുള്ള വഞ്ചനയാകും. സുഖമുള്ള കാര്യമല്ല. നമ്മുടെ ഭാഷാപഠനത്തിന്റെ നിലവാരം പരിതാപകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. വിദ്യാഭ്യാസം കൈകാര്യംചെയ്യുന്ന ഭരണാധികാരികള്‍ക്ക് ഈ തകര്‍ച്ചയുടെ തീവ്രത അറിയണമെന്നില്ല. കാരണം, താഴെത്തട്ടില്‍നിന്നു കിട്ടുന്ന റിപ്പോര്‍ട്ടുകളാണ് ഭരണാധികാരികളുടെ പക്കലുള്ളത്. ക്ലാസ്മുറികളില്‍ കുട്ടികളെ ഇപ്പോഴും പഠിപ്പിക്കുന്ന ഒരാളെന്ന നിലയില്‍ ഈ തകര്‍ച്ച എന്നെ അസ്വസ്ഥമാക്കുന്നു. 'കൂടെക്കിടക്കുന്നവനേ രാപ്പനി ആറിയൂ' എന്ന ചൊല്ല് സത്യമാണ്.
മലയാളഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ സാഹിത്യഭംഗി മനസിലാക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മലയാള ഭാഷയും സാഹിത്യവുമാണ് ഞാന്‍ പഠിപ്പിക്കുന്നത്. മറ്റുഭാഷകളില്‍ ഈ നിലവാരത്തകര്‍ച്ച ഉണ്ടോയെന്നറിഞ്ഞുകൂടാ. ഉണ്ടാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. 'ആന പുറത്തുകയറി' എന്നെഴുതിയാല്‍ 'ആനപ്പുറത്തുകയറി' എന്നു ധരിക്കണം. മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചു എന്നൊക്കെ പത്രങ്ങളില്‍ കാണാറുണ്ട്. വലിയ സംഖ്യആയതുകൊണ്ടും ഒരാള്‍ക്കും മുപ്പതും അമ്പതും തവണ ഒരേ മണ്ടത്തരം പറ്റില്ല എന്നതുകൊണ്ടും ഇവിടെ ദുരര്‍ഥപ്രതീതി ഉണ്ടാകില്ല. എന്നാല്‍, രണ്ടാം വിവാഹ വാര്‍ഷികം എന്നാകുമ്പോള്‍ അത് വിവാഹത്തിന്റെ രണ്ടാം വാര്‍ഷികമാണോ രണ്ടാം വിവാഹത്തിന്റെ വാര്‍ഷികമാണോ?
നവോത്ഥാന ചരിത്രം മിക്ക വിദ്യാര്‍ഥികള്‍ക്കും അറിയില്ല. ക്ഷേത്രപ്രവേശന വിളംബരത്തെപ്പെറ്റി കേട്ടിട്ടുള്ളപലരും നിവര്‍ത്തന പ്രക്ഷോഭത്തെപ്പെറ്റി കേട്ടിട്ടേയില്ല. നമ്മുടെ നവോത്ഥാന ചരിത്രം എല്ലാ അധ്യാപകരേയും പഠിപ്പിക്കണം. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകട്ടെ. അത് ചരിത്രത്തിന്റെ രീതിയാണ്. അധ്യാപകരെ പഠിപ്പിക്കണം എന്നുപറഞ്ഞത് കുട്ടികളില്‍ എത്താന്‍ ഫലപ്രദമായ, ലളിതമായ വഴി അതാണ് എന്നതുകൊണ്ടാണ്. ഏതുവിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകനും ഇതറിയണം.
നമ്മുടെ കോളേജ് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഗാന്ധിയും നെഹ്രുവും അബ്ദുള്‍ കലാം ആസാദും ബാലഗംഗാധരതിലകനും അരവിന്ദഘോഷും കേളപ്പനും അബ്ദുള്‍ റഹിമാന്‍ സാഹിബും ഇ.എം.എസും എ.കെ.ജിയും കെ.പി. കേശവമേനോനുമില്ല. എന്നെ ഭയപ്പെടുത്തുന്നത് ഒരധ്യാപക സംഘടനയ്ക്കും ഇതില്‍ അമര്‍ഷമില്ല എന്നതാണ്. ഭാഷാപഠനവും നമുക്ക് മുന്നിലൂടെ കടന്നുപോയ കാലവും പഠിക്കാന്‍ വിദ്യാര്‍ഥികളും പഠിപ്പിക്കാന്‍ അധ്യാപകരും തയാറാകണം.'
മാതൃഭാഷദിനത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്റെയും സാംസ്‌കാരികവകുപ്പ് മേധാവികളുടേയും സാന്നിധ്യത്തിലായിരുന്നു എസ്.കെ. വസന്തന്റെ വിമര്‍ശനം.
നിരന്തരവും അക്ഷീണവുമായ സാഹിത്യപ്രവര്‍ത്തനത്തിലൂടെ മുഖംനോക്കാതെ ശരിയുടെ പക്ഷം പറയാന്‍ തയാറായ എഴുത്തുകാരനാണ് ഡോ.എസ്.കെ. വസന്തനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈജ്ഞാനിക സംഭാവനകള്‍ക്കൊപ്പം സര്‍ഗാത്മക സാഹിത്യത്തിലും വിരാജിക്കുന്ന ഡോ. വസന്തന്റെ സര്‍ഗാത്മകലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല. കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാരചരിത്രനിഘണ്ടു അദ്ദേഹം കേരളത്തിനുനല്‍കിയ ഏറ്റവുംവലിയ സംഭാവനകളിലൊന്നാണെന്ന് മുഖ്യമന്ത്രിപറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയശേഷം ഏറ്റവും ഒടുവിലായിരുന്നു എസ്.കെ. വസന്തന്റെ നന്ദിപ്രസംഗവും വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ചയ്ക്കെതിരേ നര്‍മത്തിലൂടെ വിമര്‍ശനവും.
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.വി. വേണു പ്രശസ്തിപത്രം വായിച്ചു. പുരസ്‌കാരനിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. അനില്‍ വള്ളത്തോള്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി, സാഹിത്യ അക്കാദമിസെക്രട്ടറി സി.പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കവി പ്രഭാവര്‍മ, സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ എന്‍. മായ തുടങ്ങി ഒട്ടേറെ പ്രമുഖരും സംബന്ധിച്ചു. കേരളസാഹിത്യ അക്കാദമിയും സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.