തദ്ദേശീയ ഭാഷയില്‍ എഴുത്തിന്റെ പുതിയ തലം വേണം -ഡോ. പി.കെ.രാജശേഖരന്‍

ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള പ്രഭാഷണപരമ്പരയുടെ ഭാഗമായി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സാഹിത്യനിരൂപകന്‍ ഡോ. പി.കെ.രാജശേഖരന്‍ സംസാരിക്കുന്നു
ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള പ്രഭാഷണപരമ്പരയുടെ ഭാഗമായി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സാഹിത്യനിരൂപകന്‍ ഡോ. പി.കെ.രാജശേഖരന്‍ സംസാരിക്കുന്നു

തലശ്ശേരി: ആരും കടന്നെത്താത്ത മേഖലകളില്‍നിന്ന് മനുഷ്യഭാവനയെ ഖനനംചെയ്തുകൊണ്ടുതന്നെ സാഹിത്യത്തില്‍ പുതിയ എഴുത്തും പൊളിച്ചെഴുത്തും ആവശ്യമാണെന്ന് പ്രമുഖ സാഹിത്യനിരൂപകന്‍ പി.കെ.രാജശേഖരന്‍ പറഞ്ഞു. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി 'ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയ്ക്ക് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരുടെ പുതിയ തലമുറ പുതിയ പര്യവേക്ഷണം തന്നെ സാധ്യമാക്കണം. ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങള്‍ കേരളത്തിലുണ്ട്. തെയ്യം കലാകാരന്മാരുടെ ജീവിതമായാലും കാസര്‍കോടന്‍ ജീവിതമായാലും. അത്തരം ലോകത്തെ അവരുടെ ഭാഷയിലും തദ്ദേശീയതയിലും തൊട്ടറിയണം.

പുസ്തകമെന്ന വസ്തുവും ആശയവും തന്നെയാണ് ഇവിടെ ആധുനികത കൊണ്ടുവന്നത്. 'സംക്ഷേപവേദാര്‍ഥം' എന്ന പുസ്തകത്തിലൂടെ മലയാളി നിര്‍മിച്ച ആധുനികതയിലൂടെ സഞ്ചരിച്ചാണ് ഇന്ന് നമ്മള്‍ ഇവിടെയെത്തിച്ചേര്‍ന്നത്. പടിപടിയായുള്ള ഈ ആധുനികതയുടെ തുടക്കത്തെ നവോത്ഥാനം എന്ന് നമുക്ക് വിളിക്കാം. മനുഷ്യന്റെ അവകാശബോധത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിച്ചത് പുസ്തകമെന്ന രൂപമാണ്. പ്രകൃതിയും ജന്തുജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധം അങ്ങനെയാണ് രൂപം കൊള്ളുന്നത്. ഇതുവഴി പുതിയ ചിന്തയും ഭാവനയും രൂപമെടുക്കുന്നു. സാഹിത്യം ഈ ബോധങ്ങളുടെ ന്യായാന്യായങ്ങളില്‍നിന്നാണ് രൂപം കൊള്ളുന്നത്. ദൈവങ്ങള്‍ക്ക് പകരം വിദ്യാലയങ്ങള്‍ വരുന്നു. പുസ്തകങ്ങള്‍ മൂര്‍ത്തികളായും ദേവതകളായും മെല്ലെ മാറുന്നു.

സാഹിത്യപഠനങ്ങളെന്നത് ഒരിക്കലും സിദ്ധാന്തപഠനങ്ങളല്ല. റിയലിസം എന്നത് അയഥാര്‍ഥത്തെ യാഥാര്‍ഥ്യമായി അവതരിപ്പിക്കുന്നതാണ്. അത്തരം റിയലിസത്തെ അട്ടിമറിക്കാനുള്ള ശ്രമം പുതിയ നോവലുകളില്‍ പ്രകടമാണ്.

നമുക്ക് ഒരുപാട് ആദിവാസി ഭാഷകളുണ്ട്, ഭാഷാഭേദങ്ങളുണ്ട്. ആ ഭാഷയില്‍ പൊള്ളുന്ന ജീവിതങ്ങളുമുണ്ട്. പക്ഷേ അവ തദ്ദേശഭാഷയിലൂടെ പുറത്തുവരുന്നില്ലെന്നത് സത്യമാണ്. ഇവിടെ നോവല്‍ ഒരു 'നിലവാരഭാഷ'യിലൂടെമാത്രം എഴുതപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നോവല്‍ അങ്ങനെയല്ല. അവര്‍ തദ്ദേശഭാഷയിലൂടെ അവരുടെ ലോകത്തേക്ക് കടന്നുകയറുന്നു. അരികുകളിലേക്ക് മാറ്റപ്പെട്ടവരുടെ ജീവിതം കണ്ടെടുക്കുന്നു. അതാണ് മാറ്റം -രാജശേഖരന്‍ പറഞ്ഞു.

എഴുത്തുകാരിയും ഗവ. ബ്രണ്ണന്‍ കോളേജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ജിസ ജോസ് സംസാരിച്ചു. ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗവുമായി സഹകരിച്ചാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് കണ്ണൂരിലെ പ്രഭാഷണ പരമ്പരയുടെ പ്രായോജകര്‍.

Content Highlights: dr pk rajashekharan, new levels of writing needed, vernacular languages