ഉടുമ്പന്‍ചോലയിലും ക്രമക്കേട്; ഇരട്ടവോട്ടുള്ള പതിനായിരത്തോളം പേര്‍ വോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്

നെടുങ്കണ്ടം (ഇടുക്കി): ബെംഗളൂരു നഗരത്തിലെ വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി തുറന്നുവിട്ട വിവാദത്തിന്റെ ചുവടുപിടിച്ച് ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു. ഇടതുപക്ഷം സ്ഥിരമായി വിജയിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇരട്ട വോട്ടുകളുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ മാത്രം ഇരട്ട വോട്ടുള്ള പതിനായിരത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് കെപിസിസി വക്താവ് സേനാപതി വേണു ആരോപിച്ചു. നിയോജകമണ്ഡലം പരിധിയില്‍ വോട്ട് രേഖപ്പെടുത്തിയ 25 പേര്‍ തേനി പാര്‍ലമെന്റ് മണ്ഡലത്തിലെ ബോഡിനായ്ക്കന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തതായി കണ്ടെത്തിയിയിരുന്നു. താമസ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് തമിഴ്നാട് സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്താണ് ക്രമക്കേട് നടത്തുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം. തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് അവിടെയും വോട്ടുണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് വിവാദമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥി ഈ ആരോപണം ഉന്നയിച്ചിരുന്നു. വോട്ട് ചെയ്യാനായി ആളുകളെ കാട്ടുപാത വഴി കേരളത്തിലേക്കെത്തിച്ചുവെന്നായിരുന്നു ആരോപണം. 2024-ല്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ ഉടുമ്പന്‍ചോലയിലെ രണ്ടുവാര്‍ഡുകളില്‍ 174 ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ഹിയറിങ്ങിനായി വിളിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
Content Highlights: double vote allegation hits udumbanchola