പാമ്പുകടിയേറ്റ് മൂന്നുവയസ്സുകാരി മരിച്ച സംഭവം; ചികിത്സ നിഷേധിച്ചതായി റിപ്പോർട്ട്, അഞ്ചരവർഷത്തിനുശേഷം ഡോക്ടറെ സ്ഥലംമാറ്റി

മാള: പാമ്പുകടിയേറ്റ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തിൽ അർഹതപ്പെട്ട ചികിത്സ നിഷേധിച്ചതായുള്ള ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഡോക്ടർക്കെതിരേ ആദ്യനടപടിയായി സ്ഥലംമാറ്റം. ഇപ്പോൾ തളിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ബി.എസ്. ശ്രീരേഖയെ മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടർ മാറ്റിയത്. ആലമറ്റം സ്വദേശി കാച്ചപ്പിള്ളി ബിനോയിയുടെയും ലയയുടെയും മകൾ ആവ്‌റിൻ 2021 മാർച്ച് 24-നാണ് പാമ്പുകടിയേറ്റ് മരിച്ചത്.
കൃഷ്ണൻകോട്ടയിൽ ലയയുടെ വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. കുഞ്ഞിന് അർഹതപ്പെട്ട ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടറുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്നും ആരോപിച്ച് കുടുംബം നിരവധി പരാതികളാണ് നൽകിയിട്ടുള്ളത്. ഡോക്ടർക്കെതിരേ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളുണ്ടായിട്ടും സംഭവത്തിനുശേഷം അഞ്ചുവർഷം കഴിഞ്ഞാണ് ആദ്യനടപടി.
ഡോ. ബി.എസ്. ശ്രീരേഖ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുള്ളപ്പോഴാണ് സംഭവം. ഇവർക്കെതിരേ നടപടിയെടുക്കാത്തത് ആരോഗ്യവകുപ്പിനു മുകളിൽ സംഘടനയുടെ സമ്മർദമുള്ളതിനാലാണെന്നാരോപിച്ച് കുടുംബം രണ്ടുമാസംമുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്. പരാതി സംബന്ധിച്ചുള്ള ക്രിമിനൽനിയമപ്രകാരമുള്ള പോലീസ് അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ റീജണൽ വിജിലൻസ് യൂണിറ്റ്-2 അന്വേഷണം ഏറ്റെടുത്ത് ഒരുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാതായപ്പോഴാണ് മുഖ്യമന്ത്രിയെ സമീപിച്ചത്.
ചികിത്സയ്ക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ആന്റിവെനം കൊടുത്തില്ലെന്നും സമയം നഷ്ടപ്പെടുത്തിയെന്നും ഇക്കാര്യത്തിൽ ഡോ. ബി.എസ്. ശ്രീരേഖയ്‌ക്കെതിരേ കർശനനടപടി വേണമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എൻ.എ. ഷീജ, ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ട് ഷൈൻകുമാർ, ജില്ലാ നഴ്സിങ് ഓഫീസർ എം.എസ്. ഷീജ, എന്നിവർ കണ്ടെത്തിയതാണ് 2025 ജനുവരി 23-ലെ ആദ്യ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്.
Content Highlights: A 3-year-old named Avrin died of a snakebite on March 24, 2021., Health department report confirmed denial of proper treatment and doctor's negligence., Dr. B.S. Sreerekha has been transferred from Thalikkulam PHC to Wandoor Taluk Hospital after five years., Family approached the Chief Minister after police and vigilance inquiries faced delays.