ഗുരുതരമായ പിഴവ്, പക്ഷേ ഓർമ്മയില്ല; ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദ

ആലപ്പുഴ: ഉഷാ ജോസഫിന്റെ കാര്യത്തിൽ സംഭവിച്ചത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ച് ഡോ. ഷാഹിദ. എന്നാൽ താൻ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായും ഉഷാ ജോസഫിനെയും ഓർക്കുന്നില്ലെന്ന് ഡോ. ഷാഹിദ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കോവിഡ് കാലമായതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ഷാഹിദ വ്യക്തമാക്കി.
താനൊരു 'കെയർലെസ് സർജൻ' അല്ലെന്നും തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡോക്ടർ അവകാശപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോ എന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് സമയത്ത് ഒരേസമയം രണ്ട് തിയേറ്ററുകൾ പ്രവർത്തിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും പരിശോധനകൾ നടത്തിയിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.
രോഗിയുടെ ബന്ധുക്കൾ ഉന്നയിച്ച പണം വാങ്ങിയെന്ന ആരോപണത്തെ ഡോക്ടർ ഷാഹിദ പൂർണ്ണമായും നിഷേധിച്ചു. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും രോഗികളിൽ നിന്ന് പണം വാങ്ങാറില്ലെന്നും അവർ പറഞ്ഞു. മറിച്ച്, നിർദ്ധനരായ രോഗികൾക്ക് വണ്ടി വാടകയ്ക്കും മറ്റും അങ്ങോട്ട് പണം നൽകുന്ന രീതിയാണ് തനിക്കുള്ളതെന്നും അത്തരം ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും അവർ പ്രതികരിച്ചു.
Content Highlights: Doctor Shahida admits a serious error in Usha`s surgery but claims no memory of the procedure or patient, citing COVID-19 limitations.