കൊളംബോ തുറമുഖത്തേക്ക് കൊണ്ടുപോകുന്ന യാനങ്ങൾക്ക് വിഴിഞ്ഞത്ത് അണുനശീകരണം

വിഴിഞ്ഞം: കേരളാ മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊളംബോയിലെ തുറമുഖത്ത് കൊണ്ടുപോകുന്ന വലിയ യാനങ്ങൾക്ക് ഇതാദ്യമായി വിഴിഞ്ഞത്ത് ശുചീകരണമുൾപ്പെട്ട പരിശോധന നടത്തി. കൊളംബോ തുറമുഖത്ത് അദാനി തുറമുഖ കമ്പനി നടത്തുന്ന ഷിപ്പിങ് ജോലികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കൊണ്ടുപോകുന്ന ജലാശ്വ-5 എന്ന ടഗ്ഗ്, ശാന്തിസാഗർ എന്ന കൂറ്റൻ ഡ്രെഡ്ജർ എന്നിവയിലാണ് ബുധനാഴ്ച കൊച്ചിൻ പോർട്ട് ഹെൽത്ത് ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തെ തുറമുഖത്ത് ഷിപ്പിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് എത്തിക്കുന്ന വലിയ യാനങ്ങൾക്ക് ശുചീകരണവും അണുനശീകരണവും ഉൾപ്പെട്ട പരിശോധനകൾ പൂർത്തിയാക്കണം. ഈ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സാനിറ്റേഷൻ കൺട്രോൾ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ചെസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ ഈ യാനങ്ങൾക്ക് ലഭിക്കുകയുളളൂ.
അദാനി തുറമുഖ കമ്പനിയുടെ ജലാശ്വ-5 എന്ന ടഗ്ഗ്, കടൽ കുഴിച്ച് തീരത്തേക്ക് മണൽ പമ്പ് ചെയ്യുന്നതിനുപയോഗിക്കുന്ന കൂറ്റൻ ഡ്രെഡ്ജറായ ശാന്തിസാഗർ എന്നീ രണ്ട് യാനങ്ങളാണ് വിഴിഞ്ഞത്തു നിന്ന് കൊളംബോയിലേക്ക് കൊണ്ടുപോകുക. ഇതിനുമുന്നോടിയായാണ് ശുചീകരണമുൾപ്പെട്ട പരിശോധനകൾ നടത്തിയതെന്ന് കേരളാ മാരിടൈംബോർഡ് അധികൃതർ പറഞ്ഞു. കൊച്ചിൻ പോർട്ട് ഹെൽത്ത് അധികൃതരുടെ നേതൃത്വത്തിൽ സത്യം ഷിപ്പിങ്ങ് ഏജൻസിയും അദാനി തുറമുഖ കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമെത്തിയാണ് പരിശോധനകൾക്കുളള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. മാരിടൈം ബോർഡ് പർസർ വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ അജേഷ് മണി, പോർട്ട് ഹെൽത്ത് അസി. ഓഫീസർ എ. ശ്രാവൺ, സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് കമ്പനി ലിമിറ്റഡ് എം.ഡി. അജിത് പ്രസാദ് എന്നിവരും എത്തിയിരുന്നു.
Content Highlights: Disinfection ships Vizhinjam port to Colombo port