സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് താക്കീത്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒ ഡോ. ഹന്ന യാസ്മിന്‍ വയലിലിനെതിരേ അച്ചടക്ക നടപടിയുമായി സർക്കാർ. ഡോക്ടർക്ക് ‘താക്കീത്’ നൽകി. ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്.
മലപ്പുറം കളക്ടറേറ്റില്‍ 2023 ജൂണ്‍ മൂന്നിന് നടന്ന യോഗത്തിലാണ് സര്‍ക്കാരിനെതിരേ ഉയര്‍ന്ന വിമര്‍ശനത്തിന് ഡിഎംഒ കയ്യടിച്ചത്. ജില്ലാവികസനയോഗത്തില്‍ ഒരംഗം സര്‍ക്കാര്‍ നയത്തിനെതിരെ സംസാരിച്ചപ്പോഴായിരുന്നു സംഭവം. അതേസമയം, യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ യോഗനടപടികള്‍ കഴിഞ്ഞു എന്ന ധാരണയില്‍ അറിയാതെ കയ്യടിച്ച് പോയതാണെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ വിശദീകരണം.
ജില്ലാ കളക്ടറും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയിലും അതിലുപരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. അതിനാൽ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന താക്കീത് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ളതായിരുന്നു വിഷയത്തിൽ ഹോമിയോപ്പതി ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടും ഡോക്ടറുടെ എതിര്‍വാദ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും പരിഗണിച്ചാണ് താക്കീത് നല്‍കി കൊണ്ടുള്ള അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
Content Highlights: disciplinary action against malappuram homeo dmo