ദുരന്തസ്ഥലത്തേക്ക് അനാവശ്യ യാത്രകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി, തടസ്സം സൃഷ്ടിച്ചാല്‍ നടപടി

ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു | Photo: Wayanad IPRD
ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു | Photo: Wayanad IPRD

തിരുവനന്തപുരം: വയനാട്ടില്‍ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെചെയ്താൽ തടയപ്പെടുന്നത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങള്‍  പോകുന്നത് കര്‍ശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതില്‍ സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ദുരന്തസ്ഥലത്തേക്കുള്ള ഡിസാസ്റ്റര്‍ ടൂറിസം ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസും നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 

Content Highlights: disaster tourism to wayanad landslide area is strictly prohibited directs kerala police