ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ(68) അന്തരിച്ചു. അപകടത്തിൽ പരിക്കേറ്റ് പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്ന അദ്ദേഹം സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ട്രസ്റ്റിയായിരുന്നു.
പാലയിലെ പ്രശസ്തമായ കാപ്പിൽ കുടുംബാംഗമാണ്. കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിട്ടുണ്ട്. പിന്നീട് കേരള കോൺഗ്രസ് മാണി വിഭാഗത്തിലും ബാലകൃഷ്ണ പിള്ള വിഭാഗത്തിലും പ്രവർത്തിച്ചു. പിന്നീട് പൊതുപ്രവർത്തനരംഗത്ത് സജീവമായി. ബസ് പാസഞ്ചേഴ്‌സ് അസോസിയഷൻ, കെ.എസ്.ഇ.ബി ഉപഭോക്തൃ അസോസിയേഷൻ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. കേരള യൂണിവേഴ്‌സിറ്റി അസി. രജിസ്ട്രാർ ഡോ. മിനി കാപ്പനാണ് ഭാര്യ. മക്കൾ: അശ്വിൻ ഡി കാപ്പൻ (അയർലൻഡ്), മരിയറ്റ കാപ്പൻ (ഗവേഷക വിദ്യാർഥി, കേരള യൂണിവേഴ്സിറ്റി), എഡ്വിൻ ഡി കാപ്പൻ (യു.കെ).
ആറുമാസം മുൻപ് തിരുവനന്തപുരത്തെ തന്റെ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വാഹനാപകടത്തെത്തുടർന്നാണ് അദ്ദേഹം ചികിത്സയിലായിരുന്നത്. ഫ്ലാറ്റിലെ പാർക്കിങ്ങിൽ നിന്ന് കാർ പുറത്തെടുക്കുന്നതിനിടെയുണ്ടായ യന്ത്രതകരാർ മൂലം വാഹനം അതിവേഗം മുന്നോട്ട് നീങ്ങി മതിലിലിടിക്കുകയായിരുന്നു. സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ ഞരുങ്ങിപ്പോയ അദ്ദേഹത്തിന് ആ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസമായി പാലായിലെ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നു അദ്ദേഹം.
Content Highlights: Renowned consumer rights activist and public figure Dijo Kappen passes away at 68.