പെൻഷൻകാർക്ക് ഡിജിറ്റൽലൈഫ് സർട്ടിഫിക്കറ്റ് സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്

തിരുവനന്തപുരം: പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0-ൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും പങ്കാളികളാകുന്നു. 2026 നവംബർ 1 മുതൽ 30 വരെ രാജ്യത്തെ 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും കഴിയുന്ന മുതിർന്ന പൗരന്മാർക്ക് പെൻഷൻ ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ വീട്ടുപടിക്കലോ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലോ വെച്ച് വളരെ എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇതിലൂടെ സാധിക്കും.

ഫേസ് ഓതന്റിക്കേഷൻ, ഫിംഗർപ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷൻ എന്നിവ വഴി പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവകർ (GDS) മുഖേനയോ പ്രത്യേക ക്യാമ്പുകൾ വഴിയോ സേവനം ലഭ്യമാണ്. കേന്ദ്ര-സംസ്ഥാന സർവീസുകളിലെയും ഇ.പി.എഫ്.ഒ (EPFO)-യിലെയും പെൻഷൻകാർക്ക് 'ജീവൻ പ്രമാൺ' (Jeevan Pramaan) സേവനം പ്രയോജനപ്പെടുത്താം.

പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴി വീട്ടുപടിക്കൽ ലഭിക്കുന്ന ഈ സേവനത്തിന് ജി.എസ്.ടി ഉൾപ്പെടെ 70 രൂപയാണ് ഫീസ്. സേവനം ലഭിക്കുന്നതിനായി പെൻഷൻകാർ തങ്ങളുടെ ആധാർ നമ്പറും പെൻഷൻ സംബന്ധമായ വിവരങ്ങളും നൽകേണ്ടതുണ്ട്.

സർട്ടിഫിക്കറ്റ് സമർപ്പണ പ്രക്രിയ പൂർത്തിയാകുമ്പോൾ പെൻഷൻകാരുടെ മൊബൈൽ നമ്പറിലേക്ക് സ്ഥിരീകരണ സന്ദേശം (SMS) ലഭിക്കും. തൊട്ടടുത്ത ദിവസം മുതൽ jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ സർട്ടിഫിക്കറ്റ് ഓൺലൈനായി പരിശോധിക്കാവുന്നതാണ്.