DHS ആസ്ഥാനത്ത് നാടകീയരംഗം: ട്രിബ്യൂണൽ സ്റ്റേ ഉത്തരവുമായി ഡോ. റീന; കസേരയിൽനിന്ന് മാറാതെ ഡോ. മീനാക്ഷി

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന് ചുമതല ഏൽക്കാനെത്തിയപ്പോൾ നാടകീയ രംഗങ്ങൾ. പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി കസേര വിട്ടുനൽകിയില്ല. ഇതേത്തുടർന്ന് പോലീസും സ്ഥലത്തെത്തി. ഡിഎച്ച് ആസ്ഥാനത്താണ് നാടകീയ രംഗങ്ങൾ.

പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യവകുപ്പ് റീനയെ മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെ ഉത്തരവ് ട്രിബ്യൂണൽ സ്‌റ്റേ ചെയ്യുകയായിരുന്നു.

എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസംതന്നെ ഉത്തരവ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ഉത്തരവുമായി സ്ഥാനമേൽക്കാൻ റീന എത്തിയെങ്കിലും പകരച്ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി ഡിഎച്ച്എസിന്റെ കസേരയിൽനിന്ന് മാറിയില്ല. സർക്കാർ ഉത്തരവ് വന്നാൽ മാത്രമേ കസേരയിൽനിന്ന് മാറുകയുള്ളൂ എന്നായിരുന്നു മീനാക്ഷിയുടെ നിലപാട്.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.

Content Highlights: Kerala Administrative Tribunal stays the transfer of Dr. Reena from the post of Health Director., Dr. Reena arrived at DHS headquarters to resume duty with the court order., Dr. Meenakshi, currently holding charge, refused to vacate the chair without a formal government order., Police were called to the DHS office due to the standoff., The government is expected to appeal the Tribunal stay in the Kerala High Court.