ഹിന്ദു മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്ന് എ. രാജ; എങ്ങനെയത് മനസിലാകുമെന്ന് സുപ്രീംകോടതി

എ. രാജ, സുപ്രീംകോടതി | ഫോട്ടോ: മാതൃഭൂമി
എ. രാജ, സുപ്രീംകോടതി | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് താന്‍ ജീവിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് എ. രാജ സുപ്രീംകോടതിയില്‍. ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നതെന്ന് രാജക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥനും, അഭിഭാഷകന്‍ ജി. പ്രകാശും ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് എങ്ങനെ കോടതിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

രാജയുടെ വിവാഹം നടന്നത് ക്രിസ്ത്യന്‍ മതാചാര പ്രകാരമാണെന്ന് എതിര്‍സ്ഥാനാര്‍ഥിയായരുന്ന ഡി. കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നതേന്ദര്‍ ഹൂഡയും, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫും ചൂണ്ടിക്കാട്ടി. വിവാഹ ദിവസം രാജയുടെ ഭാര്യ കുരിശ് ധരിച്ചിരുന്നു. കല്യാണത്തിന്റെ കാര്‍മികത്വം നടത്തിയത് പള്ളിയിലെ പിതാവ് ആയിരുന്നു. പൂജാരിയോ, പൂജയോ വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ കല്യാണങ്ങള്‍ക്ക് എല്ലാ മതത്തിലുള്ള വധുമാരും ധരിക്കുന്ന വസ്ത്രം ഒരുപോലെയുള്ളതാണെന്ന് രാജയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. രാജയുടെ കുടുംബത്തിന് ലഭിച്ച പട്ടയത്തില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും കുമാറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

Content Highlights: devikualam mla a raja hindu christian supreme court arguments