കോവളം കാണാനെത്തി, കാലൊടിഞ്ഞ് മടക്കം; നടപ്പാതയിൽ തട്ടിവീണ വിദേശവനിതയ്ക്ക് പരിക്ക്, വിമർശനം

തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയില്‍ തട്ടിവീണ വിദേശവനിതയ്ക്ക് പരിക്ക്. അപകടത്തില്‍പെട്ട് ഡെന്‍മാര്‍ക്ക് സ്വദേശിയായ അന്നയ്ക്ക് കാലിന് പൊട്ടല്‍. തീരത്തിന് സമീപത്തെ ബേക്കറിയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അന്നയ്ക്ക് അപകടമുണ്ടായത്. ലൈഫ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്നാണ് അന്നയെ ആശുപത്രിയില്‍ എത്തിച്ചത്. മുമ്പും ഇവിടെ നടപ്പാതയില്‍ തെന്നിവീണ് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോവളത്ത് വിനോദസഞ്ചാരത്തിന് എത്തുന്ന വിദേശികളില്‍ പലരും ഇതുസംബന്ധിച്ച പരാതികള്‍ ബാക്കിയാക്കിയാണ് മടങ്ങുന്നത്. കല്ലുപാകിയ നടപ്പാതയില്‍ ചിലയിടങ്ങളില്‍ അവ പൊട്ടിപ്പൊളിഞ്ഞ് കല്ലുകള്‍ മുകളിലേക്ക് ഉയര്‍ന്ന നിലയിലാണ്. മറ്റുചിലയിടങ്ങളിലാവട്ടെ കല്ലുകള്‍ ഇളകിപ്പോയ വലിയ കുഴികളാണ്. രണ്ടായാലും കല്ലില്‍ തട്ടിയോ കുഴിയില്‍ വീണോ അപകടം ഉറപ്പാണ്. അങ്ങനെ നിരവധി അപകടങ്ങളാണ് ഇവിടെ ദിവസവും നടക്കുന്നതെന്ന് കച്ചവടക്കാരും പരാതിപ്പെടുന്നു.
കോവളത്തെ നടപ്പാതകള്‍ പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ് എന്നും അവ അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്നും നാട്ടുകാര്‍ നേരത്തേയും പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. വികസനത്തിനായി ചെറിയ സാധ്യതപോലും പ്രയോജനപ്പെടുത്തും എന്ന് ഉറപ്പുനല്‍കിയവര്‍ കോവളത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകയെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: denmark native fallen down and broken leg at kovalam beah thiruvananthapuram