തെരുവുനായ്ക്കളിൽനിന്ന് രക്ഷതേടി ഓടി; വീടിന്റെ ഇരുമ്പുഗേറ്റിൽക്കുടുങ്ങി മലമാൻ ചത്തു

#ന്യൂസ് ഡെസ്ക്
ഇരുമ്പുഗേറ്റിന്റെ ഇടയിൽക്കുടുങ്ങിയ മലമാൻ
ഇരുമ്പുഗേറ്റിന്റെ ഇടയിൽക്കുടുങ്ങിയ മലമാൻ

എടക്കര: തെരുവുനായ്‌ക്കളിൽനിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മലമാൻ വീടിന്റെ ഇരുമ്പുഗേറ്റിൽക്കുടുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പുറത്തെടുത്തങ്കിലും ഏറെ വൈകാതെ മലമാൻ ചത്തു.

തിങ്കളാഴ്ച പത്തോടെ മരുത മഞ്ചക്കോട് അങ്ങാടിക്ക് സമീപമുള്ള കല്ലോലിക്കൽ കൃഷ്ണകുമാറിന്റെ ഗേറ്റിന്റെ ഇരുമ്പുകമ്പിക്കുള്ളിലാണ് ഒരു വയസ്സ് പ്രായമായ മലമാൻ കുടുങ്ങിയത്. മരുത വനത്തിൽനിന്ന്‌ നാട്ടിലിറങ്ങിയ മലമാനെ നായ്‌ക്കളുടെ കൂട്ടം ഓടിക്കുകയായിരുന്നു. ഗേറ്റിൽനിന്ന് രക്ഷനേടാൻ ഏറെനേരം മലമാൻ നടത്തിയ ശ്രമം വിഫലമായി.

നായ്‌ക്കളെ വിരട്ടിയോടിച്ച വീട്ടുകാർ വനപാലകരെ വിവരമറിയിച്ചു. ഇവരെത്തി ഗേറ്റിന്റെ കമ്പി ഇരുവശത്തേക്കും വളച്ചാണ് മാനിനെ പുറത്തെത്തിച്ചത്. വനംവകുപ്പിന്റെ നിലമ്പൂരിലെ ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മാൻ ചത്തത്. പോത്തുകല്ല് ഡെപ്യൂട്ടി റെയ്ഞ്ചർ ഇൻചാർജ് ആർ. ഷിജുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Content Highlights: A one-year-old deer was chased by stray dogs in Marutha, Edakkara., The deer became trapped in a residential iron gate while attempting to escape., Forest officials rescued the deer but it succumbed to injuries shortly after., The incident highlights the growing threat of stray dog attacks on wildlife in residential areas.