'ഗുജറാത്തിലെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കൂ, ഇത് ഡാണ്ഡിയയുടെ കേരള സ്റ്റൈല്‍'; വീഡിയോയുമായി തരൂര്‍

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളിലേക്ക് രാജ്യം കടക്കുമ്പോള്‍ ഡാണ്ഡിയയുടെ കേരള സ്‌റ്റൈല്‍ പരിചയപ്പെടുത്തുന്ന വീഡിയോയുമായി ശശി തരൂര്‍ എം.പി. 'ഗുജറാത്തി സഹോദരിമാര്‍ ശ്രദ്ധിക്കുക, ഈ നവരാത്രിയില്‍ ഡാണ്ഡിയയുടെ കേരളാശൈലി നോക്കൂ' എന്ന കുറിപ്പോടുകൂടിയാണ് അദ്ദേഹം എക്‌സില്‍ വീഡിയോ പങ്കുവെച്ചത്.
ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഹൈന്ദവ ഉത്സവമാണ് നവരാത്രി. ഗുജറാത്തിലെ ഗര്‍ബ എന്ന പേരിലറിയപ്പെടുന്ന നൃത്തം നവരാത്രി ദിവസങ്ങളിലെ പ്രധാന ആഘോഷങ്ങളില്‍പ്പെട്ടതാണ്. രാത്രിയില്‍ പല നിറങ്ങളണിഞ്ഞുള്ള ഈ നൃത്തം ഹൃദ്യമായ ആസ്വാദനക്കാഴ്ചയാണ്. ഡാണ്ഡിയ വടികളുപയോഗിച്ച് നടത്തുന്ന നൃത്തം ഗുജറാത്തില്‍ വ്യാപകമാണ്.
ഗര്‍ബയോട് സദൃശമായ രീതിയില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ നടത്തിയ ഒരു നൃത്തത്തിന്റെ വീഡിയോ ആണ് ശശി തരൂര്‍ ഗുജറാത്തി പെണ്‍കുട്ടികള്‍ക്കായി പരിചയപ്പെടുത്തിയത്. വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള കേരള സാരിയണിഞ്ഞ്, കൈയില്‍ നീണ്ട വടി പിടിച്ചുള്ള പെണ്‍കുട്ടികളുടെ നൃത്ത വീഡിയോയാണ് തരൂര്‍ പങ്കുവെച്ചത്.
Content Highlights: dandiya kerala style, shashi tharoor shares video of women dancing on streets