കിട്ടാനുള്ളത് 3.25 ലക്ഷം; മന്ത്രിയെ വിളിച്ചിട്ടും നടപടിയില്ല; ഗവേഷണം വഴിമുട്ടി ദളിത് വിദ്യാര്‍ഥികള്‍

'ഇതുവരേയും ഞാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഇ ഗ്രാന്റ് കൊണ്ടാണ് പഠിച്ചത്. എന്നാല്‍ ഇപ്പോള്‍ എന്റെ പഠനം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. പട്ടികജാതി വികസന മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍നിന്ന് വരുന്ന ഞാന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. കൈയില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് 2020 ജനുവരിയില്‍ ഗവേഷണം ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠനം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. 2020 ഒക്ടോബര്‍ വരെയുള്ള ഇ -ഗ്രാന്റ്സ് മാത്രമാണ് ഇതുവരെ ലഭിച്ചത്. അത് കഴിഞ്ഞിങ്ങോട്ടുള്ളത് ലഭിച്ചിട്ടില്ല. പലരേയും ബന്ധപ്പെട്ടു. പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഇപ്പോള്‍ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ്.'
കണ്ണൂര്‍ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വകുപ്പിലെ ദളിത് ഗവേഷക വിദ്യാര്‍ഥി സി.ആര്‍. ശ്രുതി സങ്കടത്തോടെ പറയുന്നു. ഇ ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് എസ്.സി. ഡയറക്ടറേറ്റിലും ഉന്നത വിദ്യാഭ്യാസ, പട്ടികജാതി വികസന വകുപ്പുകളിലും ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് ശ്രുതി പറയുന്നു.
മന്ത്രി കെ. രാധാകൃഷ്ണനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടു. എന്നിട്ടും നടപടിയുണ്ടായില്ല. നേരത്തെ മുന്‍ മന്ത്രി ബാലനോട് പരാതി അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാക്കാം എന്ന മറുപടിക്ക് ശേഷം നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു. ആരെയും ആശ്രയിക്കാതെ പഠിക്കാന്‍ കിട്ടുന്ന ഇടവേളകളില്‍ സ്വയംതൊഴില്‍ കണ്ടെത്തി ചെയ്യേണ്ട അവസ്ഥയാണ്. ഞങ്ങള്‍ പഠിക്കേണ്ട എന്നാണോ ഇവര്‍ പറയുന്നത്?, ശ്രുതി ചോദിക്കുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം ഗവേഷക വിദ്യാര്‍ഥികള്‍ക്കാണ് 2020 ഒക്ടോബര്‍ മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാതായത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ ഈ ആവശ്യവുമായി ജില്ലാ പട്ടികജാതി വികസനവകുപ്പ് ഓഫീസ് കയറിയിറങ്ങുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കണ്ണൂര്‍ സര്‍വകലാശാല എം.ടെക്, എം.ഫില്‍ വിദ്യാര്‍ഥികള്‍ക്കും മാസങ്ങളായി ഇ-ഗ്രാന്റ്‌സ് കിട്ടിയിട്ടില്ല. ഒരുവര്‍ഷത്തെ എം.ഫില്‍ കോഴ്‌സ് പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയേ ബാക്കിയുള്ളൂ. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ പ്രോജക്ടിനുപോലും പൈസയില്ലാത്ത അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇ ഗ്രാന്റ്‌സിനെ മാത്രം ആശ്രയിച്ച് പഠനം ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ കാര്യമാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്.
'കരാര്‍ വേതനത്തിലുള്ള ആള്‍ക്കാര്‍ കരാര്‍ കഴിഞ്ഞ് പോയിരിക്കുകയാണ്. അതുകൊണ്ടാണ് ഇ ഗ്രാന്റ്‌സ് വൈകുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാര്‍ ഇല്ല. ഓഫീസിലെ ജോലികളെല്ലാം ചെയ്യേണ്ടതുകൊണ്ട് മുമ്പ് ഉണ്ടായിരുന്ന കരാര്‍ ഉദ്യോഗസ്ഥനെ ഓഫീസിലെ ജീവനക്കാര്‍ അവരുടെ കൈയില്‍ നിന്ന് വേതനം നല്‍കിയാണ് നിര്‍ത്തിയിരിക്കുന്നത് എന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കാനാണ് പറഞ്ഞത്. എന്നാല്‍ പട്ടികജാതി കമ്മീഷനിലേക്ക് വിളിച്ചപ്പോള്‍ പലരും സമാന പരാതിയുമായി വിളിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് അവര്‍ അറിയിച്ചത്. ഇ ഗ്രാന്റ്‌സുമായി ബന്ധപ്പെട്ട ആര്‍ടിഐയ്ക്കും ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ല', വിദ്യാര്‍ത്ഥി പറഞ്ഞു.
നിലവില്‍ പല ജില്ലകളിലും കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നവരുടെ കരാര്‍ അവസാനിച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് ഇ ഗ്രാന്റ്‌സ് വൈകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇ ഗ്രാന്റ്‌സ് സപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി ഡയറക്ടറേറ്റ് ഓഫീസില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. അവരാണ് കോള്‍, മെയില്‍ അറ്റന്‍ഡ് ചെയ്തുകൊണ്ടിരുന്നത്. അവരുടെ കാലാവധി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചു. കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇതുവരെ അപ്രൂവ് ആയിട്ടില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടുന്നതെന്നാണ് ഡയറക്ടറേറ്റ് ഓഫീസറുമായ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിയുന്നത്.
എന്നാല്‍, നിലവില്‍ ഓഫീസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പോലും ഇ ഗ്രാന്റുമായുള്ള യാതൊരു വിവരവും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിലവിലുള്ളവര്‍ക്ക് തന്നെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നിരിക്കെ അവര്‍ അത് ചെയ്യാന്‍ പോലും മുതിരാതെ ആളുകള്‍ ഇല്ല എന്ന മുടന്തന്‍ ന്യായങ്ങള്‍ തങ്ങള്‍ക്ക് മുമ്പില്‍ നിരത്തുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കാരണം സാങ്കേതികപ്പിഴവ്
സാങ്കേതികപ്പിഴവാണ് സ്‌കോളര്‍ഷിപ്പ് വൈകാന്‍ കാരണമായതെന്നാണ് ജില്ലാ ഇ-ഗ്രാന്റ്‌സിന്റെ പട്ടികജാതി വിഭാഗം അധികൃതര്‍ നല്‍കുന്ന മറുപടി. പിഴവ് പരിഹരിച്ചെന്നും വൈകാതെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുമെന്നും അധികൃതര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ചതനുസരിച്ച് 2022 മാര്‍ച്ച് വരെയുള്ള ഇ-ഗ്രാന്റ്‌സ് വിവരങ്ങള്‍ തിരുവനന്തപുരത്തേക്ക് കൈമാറിയെന്നാണ് പട്ടികവര്‍ഗ വിഭാഗം അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇതുതന്നെ ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നതെന്നും ഇനി അതിന് അപ്രൂവ് ലഭിക്കാന്‍ എത്ര കാലം കൂടി കാത്തിരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
Content Highlights: Dalit Research scholar Sruthi CR Complaints regarding pending e-grantz