മുരശ് ചുഴലിക്കാറ്റ്: കനത്തമഴയ്ക്ക് സാധ്യത, ആറുജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം: അർണബിനു പിന്നാലെ ആന്ധ്രപ്രദേശിലേക്ക് മറ്റൊരു ചുഴലിക്കാറ്റുകൂടി വരുന്നു. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ബുധനാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത. മുരശ് എന്നാണ് കാറ്റിന്റെ പേര്. ഇന്ത്യ നൽകിയ പേരാണിത്.
ബംഗാൾ ഉൾക്കടലിൽ ചെന്നൈയ്ക്ക് 630 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായാണ് കാറ്റ് രൂപംകൊണ്ടത്. തിങ്കളാഴ്ച തീവ്രചുഴലിക്കാറ്റായി മാറും. ആന്ധ്രയിലെ നെല്ലൂരിനും നരസപൂരിനും ഇടയ്ക്ക് ചൊവ്വാഴ്ച പുലർച്ചെ 120 കിലോമീറ്റർവരെ വേഗത്തിൽ കരയിൽ കടക്കും.
തിങ്കളാഴ്ച കേരളത്തിൽ ആറ് ജില്ലകളിൽ കനത്തമഴയ്ക്ക് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.
Content Highlights: Severe Cyclone Mures has formed in the Bay of Bengal heading toward Andhra Pradesh, bringing heavy rainfall and yellow alerts across several districts in Kerala until Wednesday.