സൈബർ ആക്രമണം: അച്ചു ഉമ്മൻ പരാതി നൽകി, പിന്നാലെ മാപ്പ് പോസ്റ്റുമായി സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുക മാത്രമായിരുന്നുവെന്നും നന്ദകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. സെക്രട്ടേറിയേറ്റിലെ ഇടതു സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ നേതാവായിരുന്നു നന്ദകുമാർ.
'ഏതെങ്കിലും വ്യക്തിയെ വ്യക്തമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായിപ്പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു'- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്‌തിഹത്യ ചെയ്യുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മിഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. തെളിവ് സഹിതമായിരുന്നു അച്ചു ഉമ്മൻ പരാതി നൽകിയത്. ജോലിയെയും സ്ത്രീത്വത്തെയും അപമാനിച്ചെന്നും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണം നടത്തി മാനഹാനിയുണ്ടാക്കിയെന്നുമായിരുന്നു പരാതിയിൽ. ഇതിന് പിന്നാലെയായിരുന്നു നന്ദകുമാറിന്റെ മാപ്പ് പോസ്റ്റ്.
Content Highlights: cyber attack against achu oommen apology post from nandakumar