കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കുറയ്ക്കാന്‍ NIIST പദ്ധതി; വിലയിരുത്തലില്‍ പങ്കാളിയായി ടാറ്റ സ്റ്റീല്‍

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (എന്‍.ഐ.ഐ.എസ്.ടി.) നൂതന പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് (ടി.എസ്.എല്‍.) പങ്കാളിയാകും. ഉരുക്ക് വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള എന്‍.ഐ.ഐ.എസ്.ടി.യുടെ പദ്ധതിയാണ് ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ വിലയിരുത്തുക.
ഇതുസംബന്ധിച്ച ധാരണാപത്രം ഇരുസ്ഥാപനങ്ങളും കൈമാറി. എന്‍.ഐ.ഐ.എസ്.ടി. സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്. നിലക്കടല, ചോളം എന്നിവയില്‍ നിന്നുള്ള കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നതിനുള്ള എന്‍.ഐ.ഐ.എസ്.ടി.യുടെ സാങ്കേതികവിദ്യ സൂറത്തിലെ സ്റ്റാര്‍ട്ടപ്പായ ലീഫി ലെതര്‍ പ്രൈവറ്റ് ലിമിറ്റഡിനും തദവസരത്തില്‍ കൈമാറി. സസ്യാവശിഷ്ടങ്ങളില്‍ നിന്ന് വ്യാവസായിക മൂല്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് എന്‍.ഐ.ഐ.എസ്.ടി. മുന്‍ഗണന നല്‍കുന്നത്.
ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമി പ്രസിഡന്റ് അശുതോഷ് ശര്‍മ്മ മുഖ്യാതിഥി ആയിരുന്നു. സി.എസ്.ഐ.ആര്‍. - എന്‍.ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനായി. ടി.എസ്.എല്‍. ചീഫ് ടെക്നോളജി ഓഫീസര്‍-പ്രോസസ് ഡോ. അതനു രഞ്ജന്‍ പാലും പങ്കെടുത്തു. ടാറ്റാ സ്റ്റീല്‍ ലിമിറ്റഡുമായി ഇത്തരമൊരു ധാരണാപത്രം ഒപ്പിടുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണം, തുകല്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികളെ നേരിടാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. ജൈവമാലിന്യങ്ങളില്‍ നിന്നുള്ള നൂതന ഉത്പന്ന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കി. പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാകും - ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.
അത്യാധുനിക സംസ്‌കരണ പ്രക്രിയകളിലൂടെ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന തുകലിന് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിന് വലിയ പങ്കുണ്ട്. വളരെക്കാലം ഈട് നില്‍ക്കുന്ന ഈ ഉത്പന്നം വാഹനങ്ങളിലും വീടുകളിലും ഒരുപോലെ ഉപയോഗിക്കാനാകും. മൃഗങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തുകലിനേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തുകലിനുള്ളത്.
Content Highlights: csir niist enters pact with tata steel to reduce carbon emission