ഷാന്‍ വധക്കേസില്‍ നിര്‍ണായക തെളിവ്: കൊലനടത്താന്‍ ഉപയോഗിച്ച അഞ്ചു വാളുകള്‍ കണ്ടെടുത്തു

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട സ്ഥലം, ഷാന്‍ ഇന്‍സൈറ്റില്‍.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട സ്ഥലം, ഷാന്‍ ഇന്‍സൈറ്റില്‍.

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പ്രതികള്‍ കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ കണ്ടെടുത്തു. കൃത്യത്തില്‍ പങ്കെടുത്തവരടക്കം ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വാളുകള്‍ കണ്ടെടുത്തത്. പുല്ലംകുളത്തിന് സമീപം ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തതെന്നാണ്  വിവരം. അതേസമയം, ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.

ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു.  ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlights: