സാറയ്ക്ക് യാത്രാമൊഴി നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: കുസാറ്റിലെ ടെക് ഫെസ്റ്റില്‍ തിക്കിലുംതിരക്കിലുംപെട്ട് മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പുതുപ്പാടി സെയ്ന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. കുന്ദം കുളം ഭദ്രാസനാധിപന്‍ - ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ യൂലിയോസിസിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അല്‍ഫോന്‍സാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ പൊതുദര്‍ശനത്തിനും വീട്ടിലും വരാന്‍ കഴിയാതിരുന്നവര്‍ക്ക് സാറയെ അവസാനമായി കാണാന്‍ പള്ളിയിലും അവസരം നല്‍കിയിരുന്നു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി പള്ളിയിലെത്തിയത്.
കുസാറ്റില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ തോമസ് സ്‌കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാനിയ, സൂസന്‍ എന്നിവരാണ് സഹോദരങ്ങള്‍.