പോലീസിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് പിന്‍വലിക്കാൻ ഹർജി; പ്രോസിക്യൂഷനെ കുടഞ്ഞ് കോടതി, ഹർജി തള്ളി

#ന്യൂസ് ഡെസ്ക്
Representational Image
Representational Image

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കടുത്ത വിമര്‍ശനം. ഭരണകക്ഷിയില്‍പ്പെട്ടവരായ പ്രതികളുടെ സ്വാധീനത്തില്‍ നീതിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന് കോടതി വ്യക്തമാക്കി. ഗുരുതരമായ ഈ കേസ് പിന്‍വലിക്കാനുള്ള നീക്കം സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്ത് വ്യക്തമാക്കി.

2015-ലാണ് കേസിനാസ്പദമായ സംഭവം. പോലീസിനെ വധിക്കാന്‍ ശ്രമിച്ച ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് വലിയ തിരിച്ചടി നേരിട്ടത്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഹര്‍ജി പൂര്‍ണമായും തള്ളി. 13 പ്രതികളും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. നിയമസഭ തല്ലിപ്പൊളിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കംപോലെയാണ് ഈ കേസിലും സംഭവിച്ചതെന്നും കോടതി നിരീക്ഷിച്ചു.

വിധിന്യായത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേയും കടുത്ത വിമര്‍ശനമുന്നയിച്ചു. അതീവ ഗുരുതരമായ ഈ കേസിന്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ് പ്രോസിക്യൂട്ടര്‍ ഇത്തരമൊരു ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലുള്ള ആളുകളുടെ സ്വാധീനത്താലാണ് പ്രോസിക്യൂട്ടര്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കിയത്. അത് സ്വാഭാവിക നീതിയെ തകര്‍ക്കാനുള്ള ശ്രമമാണ്. മാത്രവുമല്ല, പ്രതികള്‍ നിയമവിരുദ്ധമായി സ്വാഭാവിക നീതിയില്‍ കടന്നുകയറിയുള്ള പ്രവൃത്തികളാണ് ചെയ്തത്. അതിനാല്‍ ഹര്‍ജി പൂര്‍ണമായും തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

2015-ല്‍ പയ്യന്നൂര്‍ കുന്നെരുവില്‍വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെ വധിക്കാന്‍ ശ്രമിച്ചത്. 13 പേരാണ് പ്രതികളായുള്ളത്. കുന്നെരുവില്‍ സംഘര്‍ഷമുണ്ടാകുന്നുവെന്ന് മനസ്സിലാക്കി പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. ആ സമയത്ത് ഇരുപത്തഞ്ചോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടയുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ മാറിനിന്നതിനാല്‍ വാള്‍ കൊണ്ടത് ജീപ്പിനാണ്. വാഹനത്തിന് 66,000 രൂപയുടെ കേടുപാടുകള്‍ സംഭവിച്ചു.

Content Highlights: Court Slams Prosecutor Over Attempt to Withdraw CPM Worker Attack Case