കോർപ്പറേഷനിലെ അവിശ്വാസം: സൂക്ഷിച്ചുനീങ്ങാൻ CPM; പാർട്ടിയോട് ഇടഞ്ഞ് ശിവൻകുട്ടി, അതൃപ്തിയിൽ നേതൃത്വം

തിരുവനന്തപുരം: കോർപ്പറേഷനിലെ ബി.ജെ.പി. ഭരണസമിതിക്കെതിരേയുള്ള യു.ഡി.എഫിന്റെ അവിശ്വാസപ്രമേയനീക്കത്തിൽ സൂക്ഷിച്ചുമാത്രം മുന്നോട്ടുപോയാൽ മതിയെന്ന് സി.പി.എം. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിൽ യു.ഡി.എഫിനൊപ്പം സഹകരിക്കാം എന്ന നിലപാട് സ്വീകരിച്ച സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടിക്കെതിരേയും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. പാർട്ടി ജില്ലാ നേതൃത്വത്തിലെ അഭിപ്രായഭിന്നതയും ഇതോടെ കൂടുതൽ രൂക്ഷമായി.
നിയമസഭാ തിരഞ്ഞെടുപ്പിനുപിന്നാലെ ജില്ലാ സെക്രട്ടറിയെക്കുറിച്ചും പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. എം.എൽ.എ.യായ വി.ജോയിക്കു പകരം വി.ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പുവരെയുണ്ടാകാനുള്ള സാധ്യതയുണ്ടായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ജോയിക്കുതന്നെ സ്ഥാനം ലഭിച്ചത്.
ഇതിനുശേഷം പാർട്ടിയോട് ഇടഞ്ഞുനിൽക്കുകയാണ് ശിവൻകുട്ടി. നയപരമായ കാര്യങ്ങളിൽപ്പോലും പാർട്ടിയോട് ആലോചിക്കാതെയാണ് ശിവൻകുട്ടി പ്രതികരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഇതോടെയാണ് അവിശ്വാസവിഷയത്തിൽ ശിവൻകുട്ടിയെ തിരുത്തി ജില്ലാ സെക്രട്ടറി വി.ജോയിയും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക്കും രംഗത്തെത്തിയത്. പാർട്ടിയോട് ആലോചിക്കാതെയുള്ള ഇത്തരം പ്രതികരണങ്ങൾ വിലക്കണമെന്നും ജില്ലാ നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കോർപ്പറേഷൻ ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്നതിൽ പൊതു യോജിപ്പുണ്ടെങ്കിലും എടുത്തുചാടി കെണിയിൽ വീഴരുതെന്നാണ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി. ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം തികയുന്നതേയുള്ളൂ. ആദ്യ അവിശ്വാസംതന്നെ പരാജയപ്പെട്ടാൽ വീണ്ടും ആറുമാസം കാത്തിരിക്കണം. നിലവിൽ കാപ്പ കേസിൽ കരുതൽ തടങ്കലിലായ ബി.ജെ.പി. കൗൺസിലർ സുഗതൻ കോടതിയെ സമീപിക്കുന്നുണ്ട്. സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയിട്ടുണ്ട്. ജയിലിലായതിനാൽ അതു വീണ്ടും നടത്താനായിട്ടില്ല. ഇതും കോടതിയുടെ പരിഗണനയിലാണ്.
ഇത്തരം വിഷയങ്ങളിൽ നിയമപരമായ തീരുമാനങ്ങൾ വരട്ടെയെന്നാണ് നേതാക്കളുടെ നിലപാട്. അവിശ്വാസം കൊണ്ടുവരണമെങ്കിൽ യു.ഡി.എഫുമായി സഹകരിക്കേണ്ടിവരും. പ്രമേയത്തിന് നോട്ടീസ് നൽകണമെങ്കിൽത്തന്നെ മൂന്നിലൊന്നുപേരുടെ പിന്തുണ വേണം. ഇത് യു.ഡി.എഫ്.-എൽ.ഡി.എഫ്. സഹകരണമെന്ന ആരോപണത്തിനും കാരണമാവും. അതേസമയം അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ ഇപ്പോൾ വിജയിക്കുമെന്ന ഉറപ്പുമില്ല.
ഇത്തരം ഒരു സാഹചര്യത്തിൽ പാർട്ടി വിശദമായി ആലോചിച്ചുമാത്രം അവിശ്വാസകാര്യത്തിൽ യു.ഡി.എഫുമായി സഹകരിച്ചാൽ മതിയെന്നാണ് നേതാക്കളുടെ നിലപാട്. സി.പി.എം. ജില്ലാ കമ്മിറ്റി ഇതുവരെ ഈ വിഷയം ചർച്ച ചെയ്തിട്ടുമില്ല. നിലവിൽ സുഗതന്റെ വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ മാത്രമാണ് പാർട്ടി തീരുമാനം.
Content Highlights: Internal disagreement within CPM regarding collaboration with UDF for a no-confidence motion., Tensions between V Sivankutty and the district leadership/V Joy., Strategic caution advised due to the risk of failure and potential political backlash., Legal complications involving BJP councilor Sugathan impacting the corporation's stability.