സ്വാധീനം വിപുലമാക്കാൻ, തോൽവിയെ അതിജീവിക്കാൻ; സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ആരംഭിച്ചു. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം രക്തസാക്ഷി പ്രമേയവും കെ.കെ. ശൈലജ അനുശോചന പ്രമേവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനങ്ങൾക്കിടയിലെ സ്വാധീനം വിപുലമാക്കാനുമുള്ള കർമപദ്ധതികൾ മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ആവിഷ്‌കരിക്കും. 15-ന് വൈകീട്ട് മൂന്നിന് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ റാലിയോടെയാണ് സമാപനം.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ മുന്നൂറിലധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി. ഓഡിറ്റോറിയമാണ് പ്രധാന വേദി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ 1200-ലേറെ വാഹനങ്ങളിൽ റാലിക്കായി എത്തിച്ചേരും. ഇവർ ചെറുജാഥകളായി ഫ്രീഡം സ്‌ക്വയറിൽ സംഗമിക്കും. സെക്രട്ടറി എം.എ. ബേബി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ റാലിയിൽ സംസാരിക്കും.

Content Highlights: The CPM expanded state committee meeting commenced in Kozhikode, with senior leader Paloli Mohammed Kutty hoisting the flag and key resolutions presented by Elamaram Kareem and K.K. Shailaja. The three-day meeting aims to devise strategies to overcome the legislative election defeat and expand influence among the public, concluding with a rally at Beach Freedom Square on the 15th.