വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും പാർട്ടിയെ തിരിച്ചടിച്ചു; പിണറായിക്കും നേതൃത്വത്തിനുമെതിരേ വിമർശനം

#ന്യൂസ് ഡെസ്ക്
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും (ഫയൽചിത്രം) | Photo: Mathrubhumi
പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും (ഫയൽചിത്രം) | Photo: Mathrubhumi

കോഴിക്കോട്: സി.പി.എം. വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷനേതാവ് പിണറായി വിജയനുമെതിരേ രൂക്ഷവിമർശനം. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തെ ചുമന്നതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് സമിതിയിൽ വിമർശനമുയർന്നു. ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവും പാർട്ടിയുടെ അപചയത്തിന് വഴിവെച്ചതായും യോഗത്തിൽ വിമർശനമുയർന്നു. ഭരണതലത്തിലും സംഘടനാതലത്തിലും സംഭവിച്ച വീഴ്ചകളിൽ പ്രധാനം വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധവും ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതുമാണ്. പാർട്ടിതലത്തിൽ വിശാലമായ രാഷ്ട്രീയ ചർച്ചകൾ നടത്താതെ ഭരണപരമായ തീരുമാനമെന്ന നിലയിലാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചതും വെള്ളാപ്പള്ളിയെ അന്നത്തെ മുഖ്യമന്ത്രി സ്വന്തം കാറിൽ കയറ്റിയതും പാർട്ടിയുടെ മതേതര സ്വഭാവത്തിന് തിരിച്ചടിയായെന്നും വിശാല സമിതി വിലയിരുത്തി.

മുസ്ലിം സമുദായത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് മൗനം പാലിച്ചതും, അവ ലീഗിനെതിരായ വിമർശനം മാത്രമായി ചുരുക്കിക്കാണിച്ചതും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്കും വോട്ടുചോർച്ചയ്ക്കും ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. അതേസമയം ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണം ഏറ്റെടുത്ത് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അത് രാഷ്ട്രീയ വിമർശനമായി ഉയർത്തിക്കൊണ്ടുവരാൻ സി.പി.എമ്മിന് കഴിഞ്ഞില്ലെന്ന ആത്മവിമർശനവുമുണ്ട്.