നല്ല കേഡർമാർ മറ്റു വഴികളിലേക്ക്: മുഴുവൻസമയ പ്രവർത്തകരല്ലാത്തവരെയും ലോക്കൽ സെക്രട്ടറിമാരാക്കാൻ സിപിഎം

#കെ. രാജേഷ് കുമാർ
കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കുന്ന എ.കെ.ജി ഓഡിറ്റോറിയത്തിന് മുൻവശത്തെ റോഡ് തോരണങ്ങളും കൊടികളും കൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി നടക്കുന്ന എ.കെ.ജി ഓഡിറ്റോറിയത്തിന് മുൻവശത്തെ റോഡ് തോരണങ്ങളും കൊടികളും കൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: സാജൻ വി നമ്പ്യാർ / മാതൃഭൂമി

കണ്ണൂർ: മുഴുവൻസമയ പ്രവർത്തകരല്ലാത്തവരെയും ലോക്കൽ സെക്രട്ടറിമാരാക്കാൻ സി.പി.എം. വിശാല സംസ്ഥാനസമിതി യോഗത്തിൽ തീരുമാനം. പാർട്ടിയെ മുന്നോട്ടുനയിക്കാൻ മികച്ച കേഡർമാരില്ലെന്ന തിരിച്ചറിവിൽ നിന്നാണ് കഴിഞ്ഞ രണ്ട് സമ്മേളനകാലത്ത് നടപ്പാക്കിയ തീരുമാനം തിരുത്തിയെഴുതാൻ പ്രേരണയായത്.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്നവർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും അധ്യാപകരും വക്കീലന്മാരുമുൾപ്പടെ മറ്റ് ജോലികൾ ചെയ്യുന്നവർക്കും ഇനി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരാകാം.

നല്ല കേഡർമാർ ഇത്തരം വഴികളിലേക്ക് മാറ്റപ്പെടുമ്പോൾ പാർട്ടിയെ നയിക്കാൻ ആളില്ലാതാകുന്നുവെന്നതിനാലാണ് പുനർചിന്തയ്ക്ക് പാർട്ടി തയ്യാറായത്. പകരം ആ കമ്മിറ്റിയിൽ സംഘടനാരംഗത്ത് പ്രവർത്തിച്ച് മുൻപരിചയമുള്ള മറ്റൊരാളെ മുഴുവൻസമയ പ്രവർത്തകനാക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

സാന്ത്വനപരിചരണസംവിധാനം സംസ്ഥാനതലത്തിൽ ഏകീകൃതമായി പൊതുപേരിൽ പ്രവർത്തിക്കുന്ന ശക്തമായ സംവിധാനമാക്കി മാറ്റും. നിലവിൽ ഓരോ ജില്ലയിലും ഓരോ പേരിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. ചില ജില്ലകളിൽ അത്തരമൊരു സംവിധാനം പ്രവർത്തിക്കുന്നുമില്ലെന്നതിനാലാണ് പുതിയ നീക്കം.

വർഗബഹുജന സംഘടനകളുടെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം കുറയ്ക്കും. പലതും ഓഫീസുകളിലും വരിക്കാരുടെ വീടുകളിലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്. അംഗസംഖ്യയിൽ മികച്ച സ്ത്രീ പങ്കാളിത്തമുള്ള എല്ലാ വർഗബഹുജന സംഘടനകളുടെയും പ്രധാന ഭാരവാഹികളിൽ ഒരാൾ വനിതയായിരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ.യിൽ നടപ്പാക്കിയ രീതി എല്ലാത്തിനും ബാധകമാക്കാനാണ് തീരുമാനം. അതേസമയം സി.പി.എമ്മിനുള്ളിലെ സ്ത്രീ പ്രാതിനിധ്യത്തിനനുസരിച്ച് ഭാരവാഹികളുടെ എണ്ണത്തിലും അത് നടപ്പാക്കാൻ തീരുമാനമൊന്നുമുണ്ടായിട്ടില്ല.

Content Highlights: The CPM has decided to allow non-full-time workers, including those with other jobs like teachers and lawyers, to become local secretaries, addressing a shortage of strong cadres to lead the party. A unified state-level palliative care system will be established, replacing the current district-based systems, some of which are non-functional.