സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണയായി; ശുപാർശ ചെയ്ത് ജില്ലാ കമ്മിറ്റി

#സി.കെ. വിജയൻ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | ചിത്രം: സുധീർമോഹൻ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ചിത്രം: സുധീർമോഹൻ, മാതൃഭൂമി

കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. ജില്ലാ കമ്മിറ്റിയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശുപാർശ ചെയ്തത്. വിഭാഗീയ പ്രവർത്തനങ്ങൾ അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത് പരിശോധിക്കുന്നതിനായി പാർട്ടി ഒരു അന്വേഷണ കമ്മീഷനെ വെച്ചിരുന്നു.

ഈ അന്വേഷണ കമ്മീഷന്റെ ശുപാർശ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഒരു ദിവസം നീണ്ടുനിന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാം എന്ന് ജില്ലാ കമ്മിറ്റി തീരുമാനത്തിലെത്തിയത്. രണ്ടംഗ കമ്മീഷൻ ജില്ലാ കമ്മിറ്റിക്ക് മുന്നിൽ വെച്ചതും ഇതേ ശുപാർശയായിരുന്നു.

അത്രയേറെ ഗൗരവമേറിയ വിഷയങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കുള്ളിലുണ്ട് എന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. 2026-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മറ്റ് ജില്ലകളിലും മണ്ഡലങ്ങളിലും ഉണ്ടായതിനേക്കാൽ വലിയ തോൽവിയാണ് പയ്യന്നൂരിൽ സിപിഎമ്മിനുണ്ടായത്.

50,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയിരുന്ന മണ്ഡലത്തിൽ ടി.ഐ. മധുസൂദനൻ എന്ന സിപിഎമ്മിന്റെ പ്രമുഖനായ സ്ഥാനാർഥി തോറ്റു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് പാർട്ടിയിൽ നിന്നും വിട്ടുപോയ വി. കുഞ്ഞികൃഷ്ണനാണ് പയ്യന്നൂരിൽ ജയിച്ചത്.

കുഞ്ഞികൃഷ്ണന്റെ വിജയം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചിലരുടെ പിന്തുണയോടെയാണ് നടന്നതെന്നും രണ്ടംഗ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഏരിയ കമ്മിറ്റിയിലുള്ള ചിലർ കുഞ്ഞികൃഷ്ണനുവേണ്ടി പ്രവർത്തിച്ചു, അദ്ദേഹത്തിനുവേണ്ടി രഹസ്യമായി വോട്ടുപിടിച്ചു, വോട്ട് മറിക്കുന്നതിനായി ശ്രമങ്ങൾ നടത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയിൽ ഇരുന്നുകൊണ്ടുതന്നെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കുന്നതിനുവേണ്ടി അടിത്തട്ടിൽ വരെയിറങ്ങി ചിലർ പ്രവർത്തിച്ചു എന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന ഒട്ടേറെ കണ്ടെത്തലുകളാണ് കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

താൽകാലികമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായി പാനൂർ സ്വദേശിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ഹരീന്ദ്രനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റിയിലെ ചില അംഗങ്ങൾ ഉൾപ്പെടെയുള്ളവരായിരിക്കും ഈ താൽകാലിക കമ്മിറ്റിയിൽ ഉണ്ടായിരിക്കുക. പാർട്ടി തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമാണ് ഈ നടപടി. 

Content Highlights: CPM Payyannur Area Committee officially dissolved by the District Committee. Investigation revealed internal sabotage contributed to the 2026 election defeat. Key candidate T.I. Madhusoodanan lost to V. Kunhikrishnan due to alleged vote-splitting. P. Hareendran appointed to lead the temporary committee for corrective measures.