സിപിഎം ജനറൽ സെക്രട്ടറിപദം: പിബിയിൽ കൂടുതൽ പിന്തുണ എം.എ. ബേബിക്ക്, ശക്തമായി എതിർത്ത് ബംഗാൾ ഘടകം

#പി.കെ. മണികണ്ഠൻ
എം.എ. ബേബി | Photo: Mathrubhumi
എം.എ. ബേബി | Photo: Mathrubhumi

മധുര: കേരളവും ബംഗാളും തമ്മിൽ ഒന്നരമണിക്കൂറിലേറെ നീണ്ട തർക്കത്തിനൊടുവിൽ എം.എ. ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ പിബി തീരുമാനം. മലയാളിയും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ, അരുൺകുമാർ (ആന്ധ്രാപ്രദേശ്‌), യു. വാസുകി (തമിഴ്‌നാട്‌), മറിയം ധാവ്‌ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുര) തുടങ്ങിയവരെ പിബിയിലെടുക്കും. ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ ബംഗാൾഘടകം ശക്തമായി എതിർത്തു. ഞായറാഴ്ച രാവിലെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ബംഗാൾഘടകം വീണ്ടും എതിർപ്പുയർത്തും. സിസിയിൽ വോട്ടെടുപ്പുണ്ടാവാനാണ് സാധ്യത.

കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിർദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാൾഘടകം ഇതിനെ അംഗീകരിച്ചില്ല. എതിർപക്ഷം പരിഗണിച്ചിരുന്ന കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയുടെ നിലപാട് യോഗത്തിൽ വഴിത്തിരിവായി.

ബംഗാളിൽനിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്‌ളെ നിർദേശിച്ചു. എന്നാൽ, താനില്ലെന്ന്‌ സലീം വ്യക്തമാക്കി. ഇതോടെ, തർക്കം വേറൊരു വഴിക്കായി. ഒടുവിൽ, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിർദേശിക്കാൻ പിബി തീരുമാനിച്ചു. പ്രായപരിധി പിന്നിട്ടവർ ഒഴിയും. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് അനുവദിക്കുന്നത് ഞായറാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും.

Content Highlights: cpm party congress general secretary pb support ma baby