പി.കെ. ശശിയുടെ വിമത നീക്കത്തിന് തിരിച്ചടി; കൊഴിഞ്ഞാമ്പാറയിലെ വിമതനേതാക്കൾ സിപിഎമ്മിൽ മടങ്ങിയെത്തി

#ന്യൂസ് ഡെസ്ക്
പി.കെ. ശശി | Photo: Mathrubhumi
പി.കെ. ശശി | Photo: Mathrubhumi

പാലക്കാട്: പി.കെ. ശശിയുടെ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കങ്ങൾക്ക് തിരിച്ചടി. വിമത നീക്കത്തിന്റെ പ്രാരംഭ ഘട്ടത്തിൽതന്നെ രണ്ട് പ്രമുഖ വിമത നേതാക്കൾ വെള്ളിയാഴ്ച സിപിഎമ്മിലേക്ക് മടങ്ങിയെത്തി. 

കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറുള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക് എന്നിവരാണ് വിമത നീക്കം ഉപേക്ഷിച്ച് സിപിഎമ്മിൽ തിരിച്ചെത്തിയത്. യുഡിഎഫുമായി സഹകരിക്കാനുള്ള വിമത കൂട്ടായ്മയുടെ തീരുമാനത്തോടുള്ള വിയോജിപ്പാണ് തങ്ങളുടെ മടങ്ങിവരവിന് പിന്നിലെ പ്രധാന കാരണമെന്ന് എൻ. വിജയാനന്ദ് വ്യക്തമാക്കി.

വിമത നീക്കം യുഡിഎഫിനോട് അടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ലോക്കൽ സെക്രട്ടറി ആക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമത ചേരിയിലെത്തിച്ചതെന്ന് വിജയാനന്ദ് വെളിപ്പെടുത്തി. എന്നാൽ പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞത് പിന്നീടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ എംഎൽഎ പി.കെ. ശശിയെ വ്യാഴാഴ്ചയാണ് സിപിഎമ്മിൽനിന്ന് പുറത്താക്കിയത്. പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്‌. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

വ്യാഴാഴ്ച പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽവെച്ച് നടന്ന വിമതരുടെ കൺവെൻഷനിൽ പി.കെ. ശശി സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയെ കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി എന്നായിരുന്നു അദ്ദേഹം കൺവെൻഷനിൽ ആരോപിച്ചത്. ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നുമായിരുന്നു ശശി വിശേഷിപ്പിച്ചത്.

Content Highlights: Key rebel leaders N. Vijayanand and S. Karthik rejoin CPI(M) in Palakkad., This is a major setback for expelled leader P.K. Sasi's rebel faction., Disagreement over aligning with the UDF was cited as the primary reason for their return.