പാലക്കാട് CPM-ൽ നേതൃമാറ്റം; ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി, പകരം ചെന്താമരാക്ഷൻ

#ന്യൂസ് ഡെസ്ക്
ഇ.എൻ.സുരേഷ് ബാബു | Photo: Mathrubhumi
ഇ.എൻ.സുരേഷ് ബാബു | Photo: Mathrubhumi

പാലക്കാട്: ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാലക്കാട് സി.പി.എമ്മിൽ നേതൃമാറ്റം. സി.പി.എം. ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റി പകരം മുൻ എം.എൽ.എ. വി. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ കടുത്ത വിഭാഗീയത ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷ്യം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തി പാർട്ടിയുടെ മുഖം മിനുക്കാനുള്ള ഇടപെടൽ.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണത്തിനുള്ള ഫണ്ട് ശേഖരണത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെട്ടു.

കുഴൽമന്ദം, ആലത്തൂർ, പുതുശേരി ഏരികളിൽനിന്നും ജില്ലാ നേതൃത്വത്തിന് നേരെ ആരോപണങ്ങൾ ഉയർന്നു. അതേസമയം, ജില്ലാ സെക്രട്ടറിയെ പുകഴ്ത്തി കൊല്ലങ്കോട് ഏരിയാ കമ്മിറ്റി രംഗത്തിറങ്ങി. പാർട്ടി നിയന്ത്രണമുള്ള രണ്ടു ബാങ്കുകൾ തോന്നിയപടി വായ്പ നൽകി പ്രതിസന്ധി സൃഷ്ടിച്ചതും ചർച്ചയിൽ ഉയർന്നു. ഇങ്ങനെ, ജില്ലാ കമ്മിറ്റിയിലെ ചർച്ചയിൽ വിഭാഗീയത പ്രതിഫലിച്ചതിനു പുറമെ, സംസ്ഥാന നേതൃത്വത്തിന് ചില വ്യക്തികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നേതൃമാറ്റം.

Content Highlights: CPM replaces Palakkad District Secretary E.N. Suresh Babu with former MLA Chenthamarakshan., Decision taken in district secretariat meeting attended by State Secretary M.V. Govindan., Leadership change triggered by severe factionalism, fund collection controversies, and bank loan issues.