നീലപ്പെട്ടി: നേതാക്കളെ കുറവാസംഘത്തെ ചോദ്യംചെയ്യുംപോലെ ചോദ്യംചെയ്യണമായിരുന്നു- ഇ.എന്‍. സുരേഷ് ബാബു

പാലക്കാട്: ഉപതിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തരികൊളുത്തിയ നീലപ്പെട്ടി ആരോപണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നുകാട്ടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. പോലീസിന് പരിമിതിയുണ്ടെന്നും കുറവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.
ട്രോളിയില്‍ കൊണ്ടുവന്നത് പണം തന്നെയായിരുന്നു. സംഘാംഗങ്ങളെ കുറുവാസംഘത്തെ ചോദ്യംചെയ്യുന്നത് പോലെ ചോദ്യംചെയ്യാന്‍ പോലീസിന് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവ ദിവസം 11.45 നും 12 മണിക്കുമിടയ്ക്ക് വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും ജ്യോതികുമാര്‍ ചാമക്കാലയും കെ.പി.എം ഹോട്ടലില്‍ നിന്ന് പോയി. ഏകദേശം 11.45 ന് രാഹുലും പോയി. രണ്ട് പെട്ടികളും രാഹുല്‍ വന്ന വാഹനത്തിലാണ് കയറ്റിയത്. ആ പെട്ടി കയറ്റിയ വാഹനത്തില്‍ രാഹുല്‍ കയറുന്നില്ല. പകരം പൈലറ്റ് വാഹനം പോകുന്ന രീതിയില്‍ മുന്‍പിലെ വാഹനത്തിലാണ് കയറിയത്. രണ്ട് വാഹനത്തില്‍ മാറി കയറിയെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇവര്‍ പോയി പത്ത് മിനിറ്റിനകം പോലീസ് എത്തുന്നുണ്ട്. വനിതാ നേതാക്കളുടെയടക്കം മുറികളില്‍ പരിശോധന നടത്തുകയും ചെയ്തു. പക്ഷെ, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം വരുന്നത് ഒന്നര മണിക്കാണ്. അത്രയും സമയം എന്തെടുക്കുകയായിരുന്നു. വികാരം ഒന്നരമണിക്കല്ലല്ലോ പ്രകടിപ്പിക്കേണ്ടതെന്നും ജില്ലാ സെക്രട്ടറി ചോദിച്ചു.
ഇതിന് പുറമെ രാഹുല്‍ കോഴിക്കോട്ട് നിന്നുമാണ് ലൈവിടുന്നത്. ഇതെല്ലാം സംശയമുണ്ടാക്കുന്നതാണ്. കൊണ്ടുപോയ പണം സുരക്ഷിതമാക്കാനുള്ള സമയമായിരുന്നു ഇതെന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.
Content Highlights: cpm palakkad district secretary en suresh babu on trolly controversy at palakkad