ജില്ലാ സെക്രട്ടറിയെ മാറ്റും, പാലക്കാട്ട് നേതൃമാറ്റത്തിന് CPM; എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിലുള്ള കൂടിയാലോചനയിൽ ധാരണ

തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ നേതൃമാറ്റത്തിനൊരുങ്ങി സി.പി.എം. ജില്ലാ സെക്രട്ടറിയെ മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിലുള്ള കൂടിയാലോചനയിൽ ധാരണയായി. വിശാല ജില്ലാ കമ്മിറ്റി നടക്കുന്നതിനാൽ, ജില്ലാ നേതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് ഞായറാഴ്ച ഉച്ചയോടെ അന്തിമ തീരുമാനമെടുക്കും.
ജില്ലയിൽ കടുത്ത വിഭാഗീയത ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷ്യം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്തി പാർട്ടിയുടെ മുഖം മിനുക്കാനുള്ള ഇടപെടൽ.
പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണത്തിനുള്ള ഫണ്ട് ശേഖരണത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെട്ടു.
കുഴൽമന്ദം, ആലത്തൂർ, പുതുശേരി ഏരികളിൽനിന്നും ജില്ലാ നേതൃത്വത്തിന് നേരെ ആരോപണങ്ങൾ ഉയർന്നു. അതേസമയം, ജില്ലാ സെക്രട്ടറിയെ പുകഴ്ത്തി കൊല്ലങ്കോട് ഏരിയാ കമ്മിറ്റി രംഗത്തിറങ്ങി. പാർട്ടി നിയന്ത്രണമുള്ള രണ്ടു ബാങ്കുകൾ തോന്നിയപടി വായ്പ നൽകി പ്രതിസന്ധി സൃഷ്ടിച്ചതും ചർച്ചയിൽ ഉയർന്നു. ഇങ്ങനെ, ജില്ലാ കമ്മിറ്റിയിലെ ചർച്ചയിൽ വിഭാഗീയത പ്രതിഫലിച്ചതിനു പുറമെ, സംസ്ഥാന നേതൃത്വത്തിന് ചില വ്യക്തികളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നേതൃമാറ്റത്തിനുള്ള ധാരണ.