സിപിഎമ്മിൽ കൊഴിഞ്ഞുപോക്കിന്റെ കാലം; നേതൃത്വം സമയത്ത് ഇടപെടുന്നില്ലെന്ന് വിമർശനം

#എം.കെ. സുരേഷ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മുൻപൊരിക്കലും ഉണ്ടാകാത്തവിധം സി.പി.എമ്മിൽ നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക്. സംസ്ഥാനതലംമുതൽ താഴേത്തട്ടുവരെയുള്ള നേതൃത്വം സമയത്ത് ഇടപെടാത്തതാണ് കൊഴിഞ്ഞുപോക്കിന്റെ വേഗവും പരപ്പും കൂട്ടുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാർട്ടിയോട് മുതിർന്നനേതാവ് ജി. സുധാകരന്റെ ബൈ പറയൽ.

കൊട്ടാരക്കരയിൽ മുൻ എം.എൽ.എ. അയിഷാപോറ്റി പാർട്ടിയുമായുള്ള ബന്ധം മുറിച്ച് കോൺഗ്രസിലെത്തിയതിന്റെ കാരണവും അവഗണനതന്നെ. അയിഷാപോറ്റി തുടക്കമിട്ടതോ കൊണ്ടുവന്നതോ ആയ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ അവരെ ഒഴിവാക്കി പാർട്ടി അവഗണിച്ചെന്നാണ് പരാതി.

സി.പി.എം. ഉപേക്ഷിച്ച് മുൻ എം.എൽ.എ. എസ്. രാജേന്ദ്രനെ ബി.ജെ.പി.യിലെത്തിച്ചതും ഇടുക്കിയിലെ പ്രാദേശികപ്രശ്‌നങ്ങളും പാർട്ടിയുടെ അവഗണനയുമാണ്. കണ്ണൂരിൽ രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ആരോപിച്ചാണ് പി.വി. കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി കലഹിച്ചതും പുറത്തുപോയതും. പാലക്കാട് പി.കെ. ശശിയുടെ പാർട്ടിവിടലിന് നേതൃത്വവുമായുള്ള കലഹം വെടിമരുന്നിട്ടു. വി.എസിനൊപ്പമുണ്ടായിരുന്ന എ. സുരേഷിനെതിരേ പാർട്ടിയുടെ അച്ചടക്കനടപടിയിൽ അപ്പീൽ പരിഗണിക്കാതിരുന്നത് പുറത്താകലിനു വേഗംകൂട്ടി.

ചാനൽചർച്ചകളിൽ രാവുംപകലും പാർട്ടിയെയും സർക്കാരിനെയും ന്യായീകരിച്ചിരുന്ന റെജി ലൂക്കോസ് ഇപ്പോൾ ബി.ജെ.പി.യുടെ വക്താവാണ്. മറ്റൊരു ന്യായീകരണനേതാവ് ബി.എൻ. ഹസ്‌കറാകട്ടെ സി.പി.എം. വിട്ട് ആർ.എസ്.പി.യിലുമെത്തി. തിരുവനന്തപുരത്ത് നേതൃത്വവുമായി കലഹിച്ചാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പി.യിലെത്തിയത്. കൊല്ലം അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജാ ചന്ദ്രബാബു സി.പി.എമ്മിൽനിന്ന് നേരേപോയത് മുസ്ലിംലീഗിലേക്കാണ്.

Content Highlights: Mass exodus of senior leaders and cadres from CPM ahead of assembly elections., Leadership's failure to intervene in internal grievances cited as a primary cause., Specific cases of neglect involving G. Sudhakaran, Ayesha Potty, and S. Rajendran., Shift of party loyalists and channel spokespersons to rival parties like BJP and RSP.