'സുധാകരന്റെ നാവ് ആണിയടിച്ചുറപ്പിക്കും'; താക്കീതുമായി സി.പി.എം. നേതാക്കൾ, പ്രതിരോധമുയർത്തി കെ.സി.

ആലപ്പുഴ : ജി. സുധാകരന്റെ എം.എൽ.എ. ഓഫീസിലേക്കു മാർച്ചു നടത്തിയ സി.പി.എം. നേതാക്കൾ ജി. സുധാകരനു നൽകിയതു ശക്തമായ താക്കീത്. ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയാണ് മുന്നറിയിപ്പു നല്കിയത്. പൊതുവേദികളിൽ സി.പി.എം. നേതാക്കളെ അധിക്ഷേപിക്കുന്നതിനെതിരേയായിരുന്നു മാർച്ച്.
എം.എൽ.എ.യ്ക്കു ചേരുന്ന നിലപാടിലല്ല ജി. സുധാകരൻ പ്രവർത്തിക്കുന്നതെന്ന് നാസർ പറഞ്ഞു. കഴിഞ്ഞദിവസം നീർക്കുന്നം സ്കൂളിൽ അതിക്രമം കാണിച്ചവർക്കെതിരേ കേസെടുക്കാതെ രണ്ടധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനറിയാം. സുധാകരൻ വർഗപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന വർഗവഞ്ചകൻ തന്നെയാണ്. യു.ഡി.എഫിനും ബി.ജെ.പി.ക്കും ഒരുപോലെ വിടുപണി ചെയ്യുകയാണിപ്പോൾ. സി.പി.എം. നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എം.എൽ.എ. എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് നാസർ ഓർമ്മിപ്പിച്ചു.
മാർച്ച് എം.എൽ.എ. ഓഫീസിനു നൂറുമീറ്റർ അകലെ തടഞ്ഞു. തുടർന്നു നടന്ന യോഗത്തിൽ പ്രസംഗിച്ച ഏരിയ സെക്രട്ടറി സി.കെ. ഷാംജി, സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാൽ ആലപ്പുഴയിലെത്തുമ്പോൾ സുധാകരൻ കഴുതയെപ്പോലെ കരഞ്ഞു പ്രസംഗിക്കും. ഇത്രയധികം അധിക്ഷേപിക്കുന്ന സുധാകരൻ സി.പി.എമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ നിഷേധിക്കാൻ തയ്യാറായിട്ടില്ല. ആ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോഴും.
ജി. സുധാകരന്റെ യഥാർഥ സ്വഭാവം നേരത്തേ പറയാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് സെക്രട്ടേറിയറ്റംഗം എച്ച്. സലാം പറഞ്ഞു. രാത്രി പത്തര കഴിഞ്ഞാൽ സുധാകരന്റെ ഫോൺ ഭാഷണത്തിന്റെ ടോൺ മാറും. തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നിട്ടും കരാറുകാരിൽനിന്നു പണംപിരിച്ചയാളാണ് അദ്ദേഹം. പിരിച്ച പണം പാർട്ടിക്കു നല്കിയിട്ടില്ല.
മകന്റെയും കുടുംബത്തിന്റെയും സമ്പാദ്യം പറഞ്ഞാൽ അഴിമതിക്കാരനല്ലെന്നുള്ള വാദം പൊളിയും. സേവാഭാരതിക്കാർക്ക് മെഡിക്കൽ കോളേജിൽ സ്ഥലംകൊടുത്തത് മറയ്ക്കാനാണ് പൊതിച്ചോറു വിളമ്പേണ്ടെന്നു പറയുന്നതെന്നും സലാം പറഞ്ഞു. ജില്ല കമ്മിറ്റിയംഗം എ. ഓമനക്കുട്ടനും പ്രസംഗിച്ചു.
പ്രതിരോധമുയർത്തി കെ.സി. വേണുഗോപാൽ
: ജി. സുധാകരൻ എം.എൽ.എ.യെ തെരുവിൽ വിചാരണചെയ്യാനുള്ള സി.പി.എം. നീക്കം ഫാസിസ്റ്റ് ശൈലി തുടരുന്നതിനു തെളിവാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. എ.ഡി. തോമസ് എം.എൽ.എ.യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധിയെ വഴിയിൽ തടഞ്ഞാൽ യു.ഡി.എഫ്. ഗൗരവമായെടുക്കും. സുധാകരൻ ഒറ്റയ്ക്കല്ല. ജനങ്ങളും യു.ഡി.എഫും ഒപ്പമുണ്ട്. സി.പി.എമ്മിൽനിന്നു രാജിവെച്ചശേഷമാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്. സി.പി.എം. ഇപ്പോഴും നന്നാകാൻ ഉദേശിക്കുന്നില്ലെന്നതിന്റെയും 10 കൊല്ലം ഭരിച്ചതിന്റെ ഹാങ്ഓവർ പൂർണമായി മാറിയിട്ടില്ലെന്നതിന്റെയും തെളിവാണിത്.
ദേശീയപാതയിൽ സുരക്ഷാ ഓഡിറ്റ് അത്യാവശ്യമാണ്. ‘രക്ഷാപ്രവർത്തന’ കേസിൽ നടപടി പൂർത്തിയായിട്ടില്ല. വിഷയം ഗൗരവമായാണു കാണുന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കും. എത്ര ഉന്നത ഉദ്യോഗസ്ഥനായാലും നടപടിയുണ്ടാകും. നിരപരാധരെ തല്ലിച്ചതച്ചവരെ രക്ഷിച്ചതാണോ ഡി.ജി.പി.യാകാനുള്ള യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. എം.എൽ.എ., കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, എസ്. ശരത്, ഡോ. കെ.എസ്. മനോജ് എന്നിവർ പങ്കെടുത്തു.
നീർക്കുന്നം സ്‌കൂളിലെ കൊള്ളയടി അന്വേഷിക്കണമെന്ന് ആവശ്യം
: നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂളിൽ നടന്ന കൊള്ളയടി പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ എം.എൽ.എ., ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനും പരാതിനൽകി. സ്‌കൂളിൽ പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ മറവിൽ മണൽകടത്തുന്നതായ പരാതി അന്വേഷിക്കാൻ ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂളിലെത്തിയിരുന്നു. ഈ സമയം സ്ഥലത്തെത്തിയ സി.പി.എമ്മുകാരനായ ഗ്രാമപ്പഞ്ചായത്തംഗം എസ്. ഹാരിസും എം.എൽ.എ.യുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടർന്നാണ് എം.എൽ.എ. മന്ത്രിമാർക്ക് പരാതിനൽകിയത്.
സ്‌കൂളിലെ സമ്മേളനപ്പന്തൽ പൊളിച്ചുകളഞ്ഞു. മൈതാനം മുഴുവൻ കുഴിച്ച് കുളമാക്കി. സഞ്ചാരയോഗ്യമല്ലാത്തതിനാൽ കുട്ടികൾക്ക് അവധി നൽകി. അടിത്തറയിൽ ഉണ്ടായിരുന്ന മണൽ എവിടെക്കോ നീക്കംചെയ്തു. പഴക്കമുള്ള സ്‌കൂളിന്റെ ആദ്യത്തെ കെട്ടിടം പൊളിച്ചു. അവിടെനിന്ന് മണ്ണും മറ്റും പുറത്തേക്കു കൊണ്ടുപോകുന്നതായി പരാതി ലഭിച്ചു.
ഇതേപ്പറ്റി അന്വേഷിക്കാൻ സ്‌കൂളിലെത്തിയ സമയം അവിടെയെത്തിയ പഞ്ചായത്തംഗം ഹാരിസ്, എസ്.എം.സി. ചെയർമാൻ പ്രശാന്ത് എസ്. കുട്ടി എന്നിവർ ബഹളമുണ്ടാക്കി. സ്‌കൂളിൽ ഭീകരമായ അഴിമതിയാണ് നടന്നുവരുന്നതെന്നു മനസ്സിലായതായും എം.എൽ.എ. പരാതിയിൽ പറഞ്ഞു.
Content Highlights: CPM district leadership issues a strong warning against G. Sudhakaran for public criticisms., Allegations of corruption and financial mismanagement raised by CPM leaders against the MLA., KC Venugopal defends Sudhakaran, labeling CPM's actions as fascist-style intimidation., Conflict over the Neerkunnam school incident and alleged sand mining activities., Sudhakaran files formal complaints to Ministers regarding school corruption.