'പൊറുതി മുട്ടിയാൽ കൊലപാതകം നടക്കും'; കൊലവിളിയിൽ ജോയിക്കും കടകംപള്ളിക്കും എതിരേ കേസെടുത്തു

#ന്യൂസ് ഡെസ്ക്
വി.ജോയ് അടക്കമുള്ള സിപിഎം നേതാക്കള്‍ കന്റോണ്‍മെന്റ് അസി.കമ്മീഷറോട് കയര്‍ക്കുന്നു
വി.ജോയ് അടക്കമുള്ള സിപിഎം നേതാക്കള്‍ കന്റോണ്‍മെന്റ് അസി.കമ്മീഷറോട് കയര്‍ക്കുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസിനുനേരെ കൊലവിളി നടത്തിയെന്ന ആരോപണത്തിൽ സി.പി.എം. ജില്ലാസെക്രട്ടറി വി. ജോയ് എം.എൽ.എ., കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ കേസെടുത്തു.

''പൊറുതിമുട്ടിയാൽ ഇവിടെയൊരു കൊലപാതകം നടക്കു''മെന്നാണ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഗോകുലിന്റെ പേരെടുത്തു പറഞ്ഞുള്ള ഭീഷണി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കന്റോൺമെന്റ് സി.ഐ. സതീഷ്‌കുമാർ, എസ്.ഐ. ജി. ഗോകുൽ എന്നിവരുടെ പരാതിയിൽ കലാപാഹ്വാനം, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്.

''കന്റോൺമെന്റ് എസ്.ഐ.യും സി.ഐ.യും രാഷ്ട്രീയം കളിക്കുകയാണ്. അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും. നിങ്ങൾ നോക്കിക്കോ'' -ഇങ്ങനെയായിരുന്നു ജോയിയുടെ പരാമർശം.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്.എഫ്.ഐ. പ്രവർത്തകരെ മർദിച്ചത് സി.ഐ. സതീഷ്‌കുമാറും എസ്.ഐ. ഗോകുലും ചേർന്നാണെന്ന് സി.പി.എം. ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരേ നടപടി ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച സി.പി.എം, എസ്.എഫ്.ഐ. ജില്ലാകമ്മിറ്റികൾ സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്കും വൈകീട്ടുമായി മാർച്ച് സംഘടിപ്പിച്ചത്.കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.എമ്മും എസ്.എഫ്.ഐ.യും വെള്ളിയാഴ്ച ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.

Content Highlights: Cases registered against CPM district secretary V. Joy MLA and Kadakampally Surendran., Charges include rioting and criminal intimidation following a Secretariat march., The protest was against the police lathicharge at the University Men's Hostel., Complaints lodged by Cantonment CI and SI over alleged death threats.