‘ഫണ്ട് മുക്കിയില്ലേ?’: സിപിഎം നേതാക്കളുടെ പോസ്റ്റിൽ കമന്റുകളുടെ പൂരം, സൈബർ പോരാളികളെ കാണാനില്ല

#ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ. നേതാവ്‌ സി.വി.ധനരാജിന്റെ രക്തസാക്ഷിദിനത്തിൽ സി.പി.എം. നേതാക്കളുടെ സാമൂഹികമാധ്യമ പോസ്റ്റുകളിൽ രൂക്ഷവിമർശനം. ധനരാജിനെ അനുസ്മരിച്ചുള്ള സി.പി.എം. ജില്ലാസെക്രട്ടറി കെ.കെ.രാഗേഷിന്റെയും ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ.മധുസൂദനന്റെയും പോസ്റ്റുകളിലാണ് കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളുള്ളത്. ഇതോടെ മധൂസൂദനൻ കമന്റ് ബോക്സ് അടച്ച് എതിർത്തുള്ള കമന്റുകൾ നീക്കി.

രക്തസാക്ഷിഫണ്ട് മുക്കി സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായ പയ്യന്നൂർ യു.ഡി.എഫിന്റെ കൈയിലെത്തിക്കാൻ നേതൃത്വം കൊടുത്ത നേതാക്കളെ പാർട്ടി തിരുത്തണം, ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിപ്പ് ചോദ്യംചെയ്തതിനാണ് വി.കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് തുടങ്ങിയ കമന്റുകളാണ് പോസ്റ്റുകൾക്കടിയിലുള്ളത്. ധനരാജിന്റെ പേരിലുള്ള രക്തസാക്ഷിഫണ്ട് അപഹരിച്ചുവെന്ന് പയ്യന്നൂർ മുൻ എം.എൽ.എ. ടി.ഐ.മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കുനേരേ ആരോപണമുന്നയിച്ചതിനാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി.കുഞ്ഞികൃഷ്ണനെ സി.പി.എം. പുറത്താക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച കുഞ്ഞികൃഷ്ണൻ യു.ഡി.എഫ്. പിന്തുണയോടെ അട്ടിമറിവിജയം നേടിയതിന്റെ ഞെട്ടലിൽനിന്ന് സി.പി.എം. മുക്തമായിട്ടില്ല. അതിനുശേഷമുള്ള ധനരാജിന്റെ ആദ്യ രക്തസാക്ഷിദിനത്തിലാണ് നേതാക്കളുടെ പോസ്റ്റുകളിൽ കടുത്തഭാഷയിലുള്ള പ്രതികരണം.

ധനരാജ് ജീവൻ നൽകി സംരക്ഷിച്ച പയ്യന്നൂരിലേക്ക് കടന്നുകയറാൻ തക്കംപാർത്തുനിൽക്കുന്ന വർഗീയരാഷ്ട്രീയത്തിനൊപ്പം പ്രസ്ഥാനത്തെ തകർക്കാൻ കള്ളപ്രചാരണങ്ങളുമായി യഥാർഥ കമ്യൂണിസ്റ്റുകാർ എന്ന് അവകാശപ്പെടുന്നവർ കൂട്ടുചേരുന്നത് നാം കണ്ടതാണെന്ന് രാഗേഷ് കുറിപ്പിൽ പറഞ്ഞു. വർഗരാഷ്ട്രീയത്തിന്റെ നേർപക്ഷത്ത് അടിയുറച്ചുനിന്നാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അതിനുള്ള പ്രതികരണങ്ങളിലാണ് കടുത്ത ഭാഷയിലുള്ള വിമർശനം. മറ്റുള്ളവരും കമന്റ് ചെയ്തിട്ടുണ്ടാകാമെങ്കിലും സി.പി.എം. അനുഭാവികൾ കൂട്ടത്തിൽ ധാരാളമുണ്ടെന്നാണ് നിഗമനം. തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കളുടെ സാമൂഹികമാധ്യമ പോസ്റ്റുകളിൽ ഈ രീതിയിലുള്ള പ്രതികരണം പതിവായിട്ടുണ്ട്. ഏത് വിഷയത്തെക്കുറിച്ച് കുറിപ്പിട്ടാലും തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെടുത്തി അതിരുവിട്ട പ്രതികരണങ്ങൾ പ്രവഹിച്ചതോടെ പല നേതാക്കളും പോസ്റ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. നേരത്തേ കൂട്ടത്തോടെ പിന്തുണയുമായെത്താറുണ്ടായിരുന്ന പാർട്ടിയുടെ സൈബർപോരാളികളെ അതേ അളവിൽ കാണാനില്ലെന്നതും ശ്രദ്ധേയമാണ്.

Content Highlights: CPM leaders faced severe social media backlash on CV Dhanaraj's martyrdom day., Controversy centers around alleged misappropriation of martyr funds in Payyannur., Ex-MLA TI Madhusoodanan and KK Ragesh targeted by users in comment sections., Tensions persist following the expulsion of V Kunhikrishnan and subsequent election upsets., CPM cyber presence and influence appear to be declining post-election defeat.