'പറഞ്ഞത് ജാഗ്രത വേണമെന്ന് മാത്രം, വ്യാഖ്യാനങ്ങള്‍ വേണ്ട': മെക് സെവനില്‍ മലക്കംമറിഞ്ഞ് പി. മോഹനന്‍

കോഴിക്കോട്: മലബാറില്‍ വലിയ പ്രചാരം നേടിയ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരെ വിമര്‍ശനമുന്നയിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ നിലപാട് തിരുത്തി. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കി.
'ജീവിത ശൈലീരോഗങ്ങള്‍ക്കെതിരായ ഒരു കരതുലെന്ന രീതിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് മെക് സെവന്‍ എന്ന വ്യായാമകൂട്ടായ്മ. അതിനെ എതിര്‍ക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ലല്ലോ. ചൂണ്ടിക്കാട്ടിയ കാര്യം, അത് ഒരു പൊതുവേദിയാണ്. അത്തരത്തിലുള്ള ജാതിമത ഭേദമന്യേ ആളുകള്‍ കൂടിച്ചേരുന്ന പൊതുവേദികളില്‍ അപൂര്‍വ്വം ചിലയിടത്ത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാറും മറ്റു വര്‍ഗീയ ശക്തികളും നുഴഞ്ഞുകയറി അവരുടെ അജണ്ടയ്ക്ക് മറയായി ഉപയോഗിക്കുന്നുണ്ട്. ഇത്തരംവേദികളിലും അത്തരംശക്തികള്‍ ഹൈജാക്ക് ചെയ്യുന്നു. പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്' മോഹനന്‍ പറഞ്ഞു.
ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
അപൂര്‍വ്വം ചിലയിടത്ത് അത്തരം നുഴഞ്ഞുകയറ്റമുണ്ടെന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. സിപിഎം എല്ലാ വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും മോഹനന്‍ പറഞ്ഞു.
മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് നേരത്തെ പി മോഹനന്‍ പൊതുവേദിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.. മെക് സെവന്‍ വാട്‌സപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനന്‍ പറയുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ്. തീവ്രവാദികളേയും കൂട്ടിയുള്ള ഏര്‍പ്പടാണ് ഇതെല്ലാമെന്നും അദ്ദേഹം പരിപാടിക്കിടെ പറഞ്ഞിരുന്നു.
Content Highlights: cpm leader p mohanan explanation after the remark against mec7