ഭാര്യയ്ക്ക് സംഘപരിവാർ ബന്ധമെന്ന ആരോപണം നിഷേധിച്ച് CPM നേതാവ് എൻ.സി. മോഹനൻ

കൊച്ചി: തന്റെ ഭാര്യയ്ക്ക് സംഘപരിവാർ ബന്ധമുണ്ടെന്ന പ്രചാരണം നിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എൻ.സി. മോഹനൻ. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് എൻ.സി. മോഹനൻ വിശദീകരണം നടത്തിയത്.
എൻ.സി. മോഹനന്റെ ഭാര്യ അഡ്വ. രേഖ സി. നായർ സംഘപരിവാർ സംഘടനയായ സനാതന ധർമപാഠശാലയുടെ ജില്ലാ സെക്രട്ടറിയാണെന്ന പേരിലായിരുന്നു പ്രചാരണം. എന്നാൽ, സനാതന ധർമപാഠശാല എന്ന സംഘടനയ്ക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ലെന്നും ഹൈന്ദവ പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ക്ഷേത്രവിശ്വാസികളുടെയും ഭക്തരുടെയും ഗ്രൂപ്പ് മാത്രമാണെന്നും സംഘാടകർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻ.സി. മോഹനൻ വിശദീകരിക്കുന്നു.
ഇതിനൊരു മെംബർഷിപ്പോ കമ്മിറ്റികളോ ഇല്ലെന്നും പ്രത്യേക പദവികളിൽ ആരെയും നിയമിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാമായണവും മഹാഭാരതവും ഖുറാനും ബൈബിളും വായിക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അപരാധമല്ലല്ലോ.
ആലുവയിൽ അവർ സംഘടിപ്പിച്ച രാമായണ പാരായണ വേദിയിൽ ശ്രീരാമന്റെ ചിത്രമുള്ള ഷാൾ ധരിച്ചു നിൽക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. ഭക്തരിൽ വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവർ കണ്ടേക്കാം. എന്റെ കുടുംബത്തിൽ ഭാര്യയും മക്കളും ഉൾപ്പെടെ ആർക്കും സംഘപരിവാറുമായി യാതൊരു ബന്ധവുമില്ല. വിശ്വാസികളെ വർഗീയ വാദികളായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ല.
അപകീർത്തിപരവും കളവുമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കും- എൻ.സി. മോഹനൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്നു രേഖ സി. നായർ.
സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരിക്കെ സംഘടനാ നടപടിയുടെ ഭാഗമായി സസ്‌പെൻഷനിലാവുകയും പിന്നീട് ജില്ലാ കമ്മിറ്റിയംഗമായി തിരിച്ചെത്തുകയും ചെയ്ത എൻ.സി. മോഹനൻ നിലവിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്.
Content Highlights: CPM district committee member NC Mohanan refuted allegations connecting his wife Adv Rekha C Nair to Sangh Parivar over her presence at a Sanatana Dharma Pathashala event in Aluva, stating believers are not communalists and warning legal action against fake news.