'ജോലിയും സ്ഥാനവും ലഭിക്കണമെങ്കിൽ ഗോഡ്ഫാദർമാർ വേണം'; സിപിഎം യുവനേതാവ് പാർട്ടി വിട്ടു

നീലേശ്വരം: സിപിഎം നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് യുവനേതാവ് നീലേശ്വരം തോട്ടുമ്പറത്തെ പി.കെ. രതീഷ് പാർട്ടി അംഗത്വം ഒഴിഞ്ഞു. മറ്റു പാർട്ടികളിലേക്ക് ചേക്കേറില്ലെന്നും അനുഭാവിമാത്രമായി തുടരുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രാഥമിക അംഗത്വംവരെ ഉപേക്ഷിച്ചാണ് രതീഷ് പാർട്ടി വിട്ടത്.
നീലേശ്വരത്തെ സിപിഎം നേതൃത്വത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് പി.കെ രതീഷ്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, സിപിഎം ലോക്കൽ സെക്രട്ടറി, നഗരസഭ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജോലിയും സ്ഥാനവും ലഭിക്കണമെങ്കിൽ ഗോഡ്ഫാദർമാർ വേണമെന്നും എനിക്ക് ഇതുവരെ ഒരു ഗോഡ്ഫാദറും ഉണ്ടായിട്ടില്ലെന്നുമുള്ള കുറിപ്പാണ് നവമാധ്യമത്തിൽ പങ്കുവെച്ചത്.
45 വയസ്സിനിടയിൽ പകുതിയിലധികവും പാർട്ടിയോടൊപ്പം നിന്നു. ഇപ്പോൾ എല്ലാം അവസാനിപ്പിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. പി.കെ. രതീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് നീലേശ്വരത്ത് സിപിഎമ്മിനുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. യുവനേതൃത്വം രതീഷിനെ അനുകൂലിച്ചും എതിർത്തും രംഗത്ത് എത്തിയിട്ടുണ്ട്.
Content Highlights: cpm leader left party neeleswaram