സാമ്പത്തികതിരിമറി: കുടുംബശ്രീ അധ്യക്ഷയായിരുന്ന നേതാവിനെ പുറത്താക്കാൻ CPM; പരാതി ഉയർന്നതോടെ തിരിച്ചടച്ചത് 9.5 ലക്ഷം

മണ്ണഞ്ചേരി (ആലപ്പുഴ): സാമ്പത്തിക തിരിമറി ആരോപണം നേരിടുന്ന മുൻ കുടുംബശ്രീ അധ്യക്ഷയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നേതാവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ സി.പി.എം. ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന മാരാരിക്കുളം ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. കുടുംബശ്രീ അധ്യക്ഷയായിരിക്കെ അയൽക്കൂട്ടങ്ങളുടെ അറിവില്ലാതെ അവരുടെ പേരിൽ വായ്പ എടുക്കുകയും തിരിച്ചടവു നടത്താതിരുന്നതോടെയുമാണ് തട്ടിപ്പു പുറത്തായത്.
ഇത് സംബന്ധിച്ച് മാതൃഭൂമി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പരാതി ഉയർന്നതോടെ വായ്പ തുക 9.5 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. ഇനിയും മൂന്ന് ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് പാർട്ടി കണ്ടെത്തൽ. ഇതിനു പുറമെ ഇവർ നടത്തിയതെന്ന് പറയപ്പെടുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പുതിയ പരാതികളും ഉയരുന്നുണ്ട്. ഇതുകൂടി മുന്നിൽക്കണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുതന്നെ ഇവരെ നീക്കാൻ തീരുമാനിച്ചത്.
പുറത്താക്കിയ നടപടി സംബന്ധിച്ച് ഒൻപതിനു ചേരുന്ന അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും. തട്ടിപ്പിനെതിരേ കോൺഗ്രസിന്റ് നേതൃത്വത്തിൽ വിജിലൻസിനു പരാതി നൽകിയിരുന്നു. ഇതിന്റെ് അന്വേഷണവും പുരോഗമിക്കുകയാണ്.
Content Highlights: CPM Mararikulam area committee decided to expel the former Kudumbashree president from primary membership., The leader was accused of taking loans in the name of neighborhood groups without their knowledge., Though Rs 9.5 lakh was repaid, an additional Rs 3 lakh is still pending, leading to new complaints and strict disciplinary action.