സരിതയോട് മുകേഷ് ചെയ്ത ക്രൂരതകൾ ഉന്നയിച്ച് ദീപാനിശാന്ത്; വിമർശനവുമായി സി.പി.എം നേതാവ്

കോഴിക്കോട്: നടനും കൊല്ലം എംൽഎയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകൾ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കൽ സെക്രട്ടറിയുമായ ഒ.എം. ഭരദ്വാജ് ആണ് ദീപക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യാവിഷനിൽ സംപ്രേഷണം ചെയ്ത സരിതയുടെ അഭിമുഖത്തിലെ വിവരങ്ങളാണ് ദീപാനിശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
മുകേഷിന് രാഷ്ട്രീയത്തിൽ അവസരം കൊടുത്ത ഇടതുപക്ഷത്തെയും ദീപാനിശാന്ത് പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്. ''ഇടതുപക്ഷമാണെന്ന അഭിമാനബോധത്തോടെ തന്നെയാണ് പറയുന്നത്.. നാഴികയ്ക്കു നാൽപ്പതു വട്ടം നാടക പാരമ്പര്യവും കുടുംബ പാരമ്പര്യവും രാഷ്ട്രീയപാരമ്പര്യവും പറഞ്ഞ് നടക്കുന്ന അയാളെപ്പോലുള്ളവരെ ഇടതുപക്ഷത്തിൻ്റെ തണലിൽ ഇനിയും വളരാൻ അനുവദിക്കരുത് ...'' എന്നായിരുന്നു ദീപാനിശാന്തിന്റെ വിമർശനം.
ഈ പോസ്റ്റിന് താഴെയാണ് ''നിങളെ പോലത്തെ വെട്ടവെളിയന്മാർ ചിലർ ഉണ്ട് ഇടതുപക്ഷ മുഖം മൂടി ധരിച്ചു കിട്ടുന്ന സന്ദർഭങ്ങളിൽ അതിനെ കൂടുതൽ ദർബലപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ പറ്റുമോ അത് ചെയ്തു കൊടുക്കുക എന്ന പണി ചെയ്യുന്നവർ''-എന്ന് ഭരദ്വാജ് കമന്റ് ചെയ്തത്. ''ഇനിയും പറയും തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത് എന്ന ബോധ്യത്തിൽ തന്നെ പറയും'' എന്ന് ദീപാ നിശാന്ത് ഭരദ്വാജിന് മറുപടിയും നൽകിയിട്ടുണ്ട്. വിവാദമായതോടെ ഭരദ്വാജ് കമൻ്റ് ഡിലീറ്റ് ചെയ്തു
Content Highlights: CPM leader criticizes Deepa Nishant for her remarks against Mukesh