‘വിപ്ലവപാർട്ടിയെന്ന സങ്കൽപം കളഞ്ഞുകുളിച്ചു’; വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിന് രൂക്ഷവിമർശനം

കോഴിക്കോട്: വിപ്ലവപാർട്ടിയെന്ന സങ്കല്പംതന്നെ കളഞ്ഞുകുളിച്ചെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ സി.പി.എം നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം. പത്തുവർഷവും പാർട്ടി പ്രവർത്തിച്ചത് പാർലമെന്ററി വ്യാമോഹത്തോടെയായിരുന്നു. മൂന്നാമതും തുടർഭരണത്തിനാണ് ശ്രമിച്ചത്. നേതൃത്വമാണ് പാർലമെന്ററി വ്യാമോഹത്തിന് ഉത്തരവാദിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു. എം.എൽ.എ, ജില്ലാ സെക്രട്ടറി പദവികൂടി വഹിക്കുന്നതും ചർച്ചയിൽ ചോദ്യംചെയ്യപ്പെട്ടു. പാർട്ടിയെ നയിക്കാൻ വേറാരുമില്ലേയെന്നാണ് ചോദ്യം. ഏതടിസ്ഥാനത്തിലാണ് അദ്ദേഹം വീണ്ടും ജില്ലാ സെക്രട്ടറിയായതെന്ന് തൃശ്ശൂരിൽനിന്നുള്ള സെക്രട്ടറിയറ്റ് അംഗങ്ങൾ ചോദ്യമുന്നയിച്ചു.
പ്രശ്‌നങ്ങളിൽ അപ്പപ്പോൾ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു. തുടർച്ചയായി തിരഞ്ഞെടുപ്പ് തോൽവികൾ നേരിട്ടിട്ടും സംഘടനയിൽ തിരുത്തൽവരുത്താൻ നേതൃത്വം തയ്യാറായില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2021-ന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു. അപ്പോഴൊന്നും ഒരു തിരുത്തലും ഉണ്ടായില്ല. തോൽവി ഉണ്ടായശേഷം പാർലമെന്ററി വ്യാമോഹമെന്നു വിമർശിച്ചിട്ട് എന്താണ് കാര്യമെന്നും പ്രതിനിധികൾ ചോദിച്ചു.
Content Highlights: The CPM extended state committee meeting witnessed sharp criticism against the party leadership for abandoning its revolutionary ideals and prioritizing parliamentary delusions over ideological growth.