എല്ലാ ജില്ലാകമ്മിറ്റികളിലും വിചാരണനേരിട്ട് പിണറായിയും ഗോവിന്ദനും; നേതൃമാറ്റം വേണമെന്നും ആവശ്യം

#ബിജു പരവത്ത്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തുറന്നുപറയാനുള്ള അവസരം നൽകി തിരുത്തലിന് തയ്യാറാകുന്ന സി.പി.എമ്മിൽ നേതൃത്വം നേരിടുന്നത് കടുത്ത വിചാരണ. തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചുള്ള പരിശോധന ജില്ലാതലത്തിലും പൂർത്തിയായി. ഇനി ഏരിയാതലംതൊട്ട് താഴോട്ടുള്ളവരുടെ ഊഴമാണ്.

പറയുന്നതെല്ലാം കേട്ട് റിപ്പോർട്ട് തയ്യാറാക്കുന്നതല്ലാതെ, ന്യായീകരണമോ മറുപടിയോ ഈ യോഗങ്ങളിലുണ്ടായില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻമുഖ്യമന്ത്രി പിണറായി വിജയനും വിമർശനങ്ങൾക്കിരയായി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്നും നേതൃമാറ്റം വേണമെന്നുമുള്ള വിമർശനങ്ങൾ പാർട്ടി യോഗങ്ങളിൽ ഉയർന്നത് അപൂർവമാണ്.

തോറ്റതിനുശേഷം പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുൻപിൽവന്നു കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകാതിരുന്നത് അണികളെ കൂടുതൽ ദുർബലമാക്കിയെന്ന് ജില്ലാനേതാക്കൾ ചൂണ്ടിക്കാട്ടി. എല്ലാജില്ലകളിലും ഇത്തരം വിമർശനങ്ങൾക്ക് സമാനതയുണ്ടായിരുന്നു. അതിനുപിന്നിൽ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടുണ്ടോയെന്ന സംശയവും നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.

പ്രതിപക്ഷനേതാവായി പിണറായിയെ വീണ്ടും തിരഞ്ഞെടുത്തതിൽ പലയിടത്തും അമർഷം പ്രകടമായ ഘട്ടത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗത്തിൽ വോട്ടിനിട്ടാണ് അദ്ദേഹത്തെ നിശ്ചയിച്ചതെന്ന വാർത്ത പുറത്തുവരുന്നത്. അതോടെ, പിന്നീടുചേർന്ന ജില്ലാകമ്മിറ്റി യോഗങ്ങളിൽ വിമർശനത്തിന് കടുപ്പംകൂടി. പരാജയമുണ്ടായപ്പോൾ നേതൃത്വത്തിലെ ഒന്നോ രണ്ടോ പേരിലേക്ക് കുറ്റം ചാർത്തുന്ന കമ്മിറ്റി അംഗങ്ങൾ ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നുപോകുന്നത് എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

ജില്ലാകമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുഴുനീളെ പങ്കെടുക്കുന്നുണ്ട്. എല്ലാവിമർശനങ്ങളും ഇവർ ക്രോഡീകരിക്കും. ഏരിയാ കമ്മിറ്റിയോഗത്തിൽ, അവരവരുടെ ജില്ലകളിൽനിന്ന് മാറിയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകിയിട്ടുള്ളത്. ബ്രാഞ്ചുതല യോഗത്തിനുശേഷം, അനുഭാവി യോഗങ്ങൾകൂടി വിളിച്ചുചേർക്കും.

ജൂൺ ആറ്, ഏഴ് തീയതികളിൽ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ട്. ചർച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് സംസ്ഥാന സമിതിയിൽവെക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് പാർട്ടിയുടെ പരിശോധന റിപ്പോർട്ട് സി.പി.എം. അംഗീകരിക്കുക.

വിമർശനം ഇങ്ങനെ

  • സർക്കാരിനെയും പാർട്ടിയെയും നിയന്ത്രണത്തിലാക്കി പിണറായി വിജയൻ പ്രവർത്തിച്ചു.
  • ഭാര്യയെ സ്ഥാനാർഥിയാക്കി ജയിപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലേക്ക് എം.വി. ഗോവിന്ദൻ മാറി.
  • പാർട്ടി ദുർബലമാകുന്നത് തിരിച്ചറിയാനാകാത്ത വിധം സംസ്ഥാന സെക്രട്ടേറിയറ്റ് മരവിച്ചു.
  • സാധാരണക്കാരുമായി ബന്ധമില്ലാത്തവിധം നേതാക്കൾ അകന്നു.
  • പാർട്ടിയിൽ നടപ്പാക്കിയ പല പരിഷ്കാരങ്ങളും സംഘടനയെ ദുർബലമാക്കുന്നതായി.
  • പ്രായപരിധിയിലുംടേം വ്യവസ്ഥയിലുമായികഴിവുള്ള നേതാക്കളെ പുറത്തുനിർത്തി.
  • എം.വി. ഗോവിന്ദന്റെ പത്രസമ്മേളനങ്ങളും പിണറായിയുടെ പദപ്രയോഗങ്ങളും ജനങ്ങളെ അകറ്റി.
  • എസ്.ഡി.പി.ഐ.യെ ചേർത്തുനിർത്താനുള്ള ശ്രമം ഇടത് അനുഭാവികൾക്ക് ഉൾക്കൊള്ളാനായില്ല.

Content Highlights: The CPM leadership in Kerala is facing unprecedented, fierce criticism from within its lower committees during the ongoing election defeat review, with members demanding structural restructuring and openly questioning top leaders including Pinarayi Vijayan and M.V. Govindan.