വിഭാഗീയത; കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

Photo: Mathrubhumi
Photo: Mathrubhumi

കൊല്ലം: വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി  പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മിറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല.

ഈ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. 

പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍  പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ സിപിഎം വിമതര്‍ പാര്‍ട്ടിയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി പ്രതിഷേധപ്രകടനം നടത്തിയത്. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃപാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. നേതാക്കള്‍ക്കെതിരെ അഴിമതിയും ലൈംഗികാരോപണവും വരെ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 

Content Highlights: Following factionalism, the CPM Karunagappally area committee in Kollam has been dissolved.