പിണറായിയെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധി; ഇനിയും തിരുത്തിയില്ലെങ്കിൽ BJPപ്രതിപക്ഷമാകുമെന്ന് വിമർശം

കൊല്ലം: പിണറായി വിജയനെ പ്രതിപക്ഷനേതാവാക്കാനല്ല ജനവിധിയെന്നും തീരുമാനം തിരുത്താൻ തയ്യാറാകണമെന്നും സി.പി.എം. ജില്ലാ കമ്മിറ്റിയിൽ ആവശ്യം. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണവിരുദ്ധവികാരമല്ല, ഈ രണ്ടു നേതാക്കളാണ് മുന്നണിയുടെ പരാജയത്തിന് പ്രധാന കാരണക്കാർ എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ. 62 വയസ്സുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രായാധിക്യവും അനാരോഗ്യവുമുള്ള പ്രതിപക്ഷനേതാവ് വരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായി.
ജില്ലാ കമ്മിറ്റിയിലെ ഒരാളൊഴികെ സംസാരിച്ചവരെല്ലാം ഈ നേതാക്കൾക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചെന്നാണ് വിവരം. ഏകാധിപത്യപ്രവണത തുടർന്നാൽ സി.പി. രാമസ്വാമി അയ്യരുടെ ഗതിയാകും ഉണ്ടാവുകയെന്ന് പുനലൂരിൽനിന്നുള്ള നേതാവ് വിമർശിച്ചു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായി ഒരുകോടിയിലേറെ ആളുകൾ ഉണ്ടായിരുന്നു. സി.പി.യുടെ ഭരണനേട്ടങ്ങൾക്കും ഒരുപാട് ഗുണഭോക്താക്കൾ ഉണ്ടായിരുന്നു. പക്ഷേ, ഏകാധിപതിയായ സി.പി.യുടെ അന്ത്യം ആരും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗം ലോകോത്തരമാണെന്ന് പറഞ്ഞിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോൾ കെ.എൻ. ബാലഗോപാൽ തന്റെ ഹൃദയം വിശ്വസിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെ ഏൽപ്പിച്ചെന്ന് ഒരു പ്രതിനിധി പറഞ്ഞു.
തീരുമാനം തിരുത്തിയില്ലെങ്കിൽ ബി.ജെ.പി. നേതാവ് വി. മുരളീധരൻ പ്രതിപക്ഷനേതാവായി മാറും. പിണറായിയെ സാധാരണ ജനങ്ങൾക്ക് കാണാനാകില്ല. ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിണറായിയായാലും അതിശയപ്പെടാനില്ലെന്നും അംഗങ്ങൾ പറഞ്ഞു.
തെറ്റായ പ്രവണത കഴിഞ്ഞ തവണതന്നെ തുടങ്ങി
പിണറായിയാണ് ഏക നേതാവ് എന്നനിലയിൽ തെറ്റായ പ്രവണത കഴിഞ്ഞതവണതന്നെ തുടങ്ങിയെന്ന് വിമർശനമുണ്ടായി. മറ്റു മന്ത്രിമാരെ മത്സരിപ്പിക്കാതെ പിണറായിക്ക് മാത്രം ഇളവുകൊടുത്തു. ഇത്തവണ വീണ്ടും ഇളവുകൊടുത്തത് തോൽവിയിലേക്ക് നയിച്ചു. എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയത് കണ്ണൂരിലെ കനത്ത തോൽവിക്ക് കാരണമായി. അത് മറ്റു ജില്ലകളിലും ബാധിച്ചു. മുതിർന്ന നേതാക്കൾ പിണറായി വിജയനെയും പാർട്ടി സെക്രട്ടറിയെയും തിരുത്താൻ തയ്യാറായില്ലെന്നും വിമർശനമുണ്ടായി.
ന്യൂനപക്ഷ ഏകീകരണം 140 മണ്ഡലങ്ങളിലും തിരിച്ചടിയായി. പിണറായിയും വെള്ളാപ്പള്ളി നടേശനുമായുള്ള സൗഹൃദമാണ് കാരണമെന്നും വിമർശനം ഉയർന്നു.
Content Highlights: CPM district committee members demand Pinarayi Vijayan's resignation., MV Govindan criticized for leadership failures and nepotism., Warning that BJP could become the primary opposition if corrections aren't made., Internal dissent highlights autocratic trends and loss of voter trust., Concerns regarding the impact of minority consolidation on election results.