പിബിയിൽ ലേറ്റായെത്തിയ ബേബി; പാർട്ടിയെ ലേറ്റസ്റ്റാക്കലാണ് വെല്ലുവിളി

എം.എ. ബേബി | അഖിൽ ഇ.എസ്. / മാതൃഭൂമി
എം.എ. ബേബി | അഖിൽ ഇ.എസ്. / മാതൃഭൂമി

രിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബിക്ക് പി.ബി പ്രവേശനമെന്നത് വൈകിയെത്തിയ അംഗീകാരമായിരുന്നുവെങ്കില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല താരതമ്യേന നേരത്തെ ലഭിച്ച അവസരമാണ്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബിയില്‍ അഗത്വം ലഭിച്ച ബേബിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ ലഭിച്ചു. അങ്ങനെ ഇ.എം.എസ്സിനും കേരള വേരുള്ള പ്രകാശ് കാരാട്ടിനുശേഷം പാര്‍ട്ടിയെ നയിക്കാനെത്തുന്ന മലയാളിയെന്ന ബഹുമതിയും ബേബിക്ക് ലഭിച്ചു.

തിരുവനന്തപുരത്ത് 1988 -ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായതാണ് എം.എ ബേബി. അതിലും എത്രയോ വൈകിയായിരുന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം കേന്ദ്രകമ്മിറ്റിയിലെത്തിയതെങ്കിലും അവരുടെ പി.ബി പ്രവേശനം ബേബിക്കും മുന്നേയായിരുന്നു. കോയമ്പത്തൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബേബിയുടേയും കോടിയേരിയുടേയും പേരുകള്‍ പി.ബിയിലേക്ക് ഉയര്‍ന്നുകേട്ടെങ്കിലും വി.എസിന്റെ എതിര്‍പ്പ് ബേബിക്ക് തടസ്സമായി. തുടര്‍ന്ന് ഒത്തുതീര്‍പ്പ് അംഗമായാണ് അന്ന് കോടിയേരി പി.ബിയിലെത്തിയത്. തന്നെ എതിര്‍ത്ത അതേ വി.എസിനെ ഒഴിവാക്കിയ ഒഴിവിലേക്കാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബേബിക്ക് പി.ബിയില്‍ അംഗത്വം ലഭിച്ചത് എന്നതും യാദൃച്ഛികം.

കൊല്ലം പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ തുടങ്ങി, 1973-ല്‍ കൊല്ലം എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബേബിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് എസ്.എഫ്.ഐ ജില്ലാ-സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. 1985-ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. പിന്നീട് കേന്ദ്ര-സംസ്ഥാന സെക്രട്ടറേറിയറ്റംഗവും പി.ബി അംഗവുമായി.

1986-ല്‍ രാജ്യസഭാംഗവും പിന്നീട് പാനല്‍ ഓഫ് ചെയര്‍മാന്‍ അംഗവും സബോഡിനേറ്റ് ലെജിസ്‌ളേഷന്‍ കമ്മിറ്റി ചെയര്‍മാനുമായി. 2006-ല്‍ കുണ്ടറയിൽനിന്നുള്ള നിയമസഭാംഗവും വി.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരികമന്ത്രിയുമായിരുന്നു. 2011-ല്‍ വീണ്ടും കുണ്ടറയുടെ എം.എല്‍.എ ആയി. 2014-ല്‍ കൊല്ലത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും എന്‍.കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.

സി.പി.എമ്മിലെ ബുദ്ധിജീവിയെന്ന് വിളിപ്പേരുള്ള ബേബിക്ക് രാഷ്ട്രീയം തന്നെയായിരുന്നു എന്നും താത്പര്യം. കൊല്ലം പ്രാക്കുളത്ത് പി.എം അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ അവസാനത്തെ മകനായിരുന്നു ബേബി. മകനെ സ്ഥിരവരുമാനമുള്ള എന്തെങ്കിലും ജോലിയിലെത്തിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അക്കാലത്ത് ബേബിയടക്കം നാല് മക്കള്‍ മാത്രമായിരുന്നു ജീവിച്ചിരിപ്പുണ്ടായിരുന്നത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റ് മൂന്നുപേരും പി.എസ്.സി പരീക്ഷയും ബാങ്ക് പരീക്ഷയുമൊക്കെയെഴുതി സര്‍വീസില്‍ കയറിയെങ്കിലും ബേബി രാഷ്ട്രീയവഴി സ്വീകരിക്കുകയായിരുന്നു. സഹോദരങ്ങളെ പോലെ അമ്മയുടെ ആഗ്രഹപ്രകാരം  ബേബിയും ഒരു പരീക്ഷ എഴുതിയെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനാവാന്‍ പേപ്പറില്‍ മനഃപൂര്‍വം ഉത്തരം എഴുതാതെ തിരിച്ചുകൊടുത്ത കാര്യമൊക്കെ പല അഭിമുഖങ്ങളിലും ബേബി പറഞ്ഞിട്ടുണ്ട്.

പ്രാക്കുളം എന്‍.എസ്.എസ് കോളേജില്‍നിന്ന് എസ്.എഫ്.ഐയിലൂടെ തുടങ്ങിയെങ്കിലും കൊല്ലം എസ്.എന്‍ കോളേജായിരുന്നു ബേബിയുടെ രാഷ്ട്രീയവഴി  ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. കോളേജിന്റെ സമര  പാരമ്പര്യം തന്നെയായിരുന്നു ബിരുദപഠനത്തിനിടെ ബേബിയെ അവിടെയെത്തിച്ചത്. അതോടെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാവുകയായിരുന്നു. ആദ്യ അറസ്റ്റടക്കം നടന്നത് ബിരുദ പഠനത്തിനിടെയാണ്.

വീട്ടില്‍ അപൂര്‍വമായി പോവുകയും രാഷ്ട്രീയ പ്രവര്‍ത്തനവും വായനയുമായി സജീവമാവുകയും ചെയ്തു. ക്ലാസില്‍ കയറുന്നത് പോലും അപൂര്‍വമായിരുന്നുവെങ്കിലും വായനയെ കൈവിടാതെ നിന്നതാണ് കോളേജ് വിദ്യാഭ്യാസം നല്‍കിയതിന് തുല്യമോ, ഒരുപക്ഷെ അതില്‍ കൂടുതലോ കാഴ്ചപ്പാട് പകര്‍ന്നു നല്‍കിയതെന്നാണ് ബേബി പറയുന്നത്. 

പോളിറ്റ് ബ്യൂറോയില്‍ ബേബി വൈകിയാണെത്തിയതെങ്കിലും അതിവേഗമായിരുന്നു കരുത്തനായത്. കേന്ദ്രകമ്മിറ്റി തീരുമാനിച്ച സംഘടനാ പരിഷ്‌കരണത്തിന്റെ ഭാഗമായി ബേബിക്ക് മൂന്ന് പ്രധാനപ്പെട്ട ഉപദേശക സമിതിയുടെ ചുമതല ലഭിച്ചു. വിദേശകാര്യവിഭാഗത്തിന്റെ ചുമതല ലഭിച്ചതായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. ഇതോടെ പാര്‍ട്ടിയുടെ രണ്ടാംനിര നേതൃത്വത്തിലേക്കും  ബേബി ഉയര്‍ന്നുവന്നു. വിദ്യാര്‍ഥി-യുവജന ഉപസമതിയുടെ കണ്‍വീനറും സാംസ്‌കാരിക ഉപസമിതിയുടെ കണ്‍വീനറുമായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം എഴുത്തിനേയും സംഗീതത്തേയും ഏറെ ഇഷ്ടപ്പെടുന്ന നേതാവ് കൂടിയാണ് എം.എ ബേബി. ഭാരതീയ സംഗീത ശാഖയെ സംരക്ഷിക്കാനായി ഡല്‍ഹി കേന്ദ്രമാക്കി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, ലീല ഓംചേരി എന്നിവര്‍ക്കൊപ്പം അദ്ദേഹം രൂപവത്കരിച്ച 'സ്വരലയ' രാജ്യാന്തര പ്രശസ്തി നേടിയ സംഗീതാസ്വാദന സഭയാണ്. അച്ഛനെപോലെ ബേബിയുടെ മകന്‍ അശോക് ബെറ്റി നെല്‍സണും സംഗീത വഴിയിലാണ്. പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ സംഘത്തിലും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിലുമെല്ലാം അശോക് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: cpm general secretary ma baby