ചർച്ചനടത്തിയിട്ടും തോൽവിയുടെ കാരണം കണ്ടെത്താനായില്ല; ഗൃഹസന്ദർശനത്തിലൂടെ ജനങ്ങളിലേക്കിറങ്ങാൻ സിപിഎം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിയുടെ കാരണങ്ങൾ അന്വേഷിച്ച് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പലതട്ടിൽ ചർച്ച നടത്തിയിട്ടും തോൽവിയുടെ യഥാർഥ കാരണങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. സർക്കാരിനെതിരേയുള്ള ജനവികാരം എന്ന നിലയിൽ ഒഴുക്കൻമട്ടിൽ പാർട്ടി കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. സർക്കാരിനെതിരേയുള്ള ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. അതേസമയം യഥാർഥ കാരണങ്ങൾ അറിയാൻ ജനമനസ്സ് അറിയേണ്ടതുണ്ട്. അതിനായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവരെ കണ്ട് അഭിപ്രായം തേടാനാണ് മുകളിൽനിന്ന് നിർദേശിച്ചിരിക്കുന്നത്. ഇതിനായി 15-ാം തീയതി മുതൽ 22 വരെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും.
വീടുകയറി ഇറങ്ങുന്നതിന് കേന്ദ്ര കമ്മിറ്റി അംഗം മുതൽ ബ്രാഞ്ച് കമ്മിറ്റി അംഗംവരെ ഉണ്ടാവും. വീട്ടുകാരില്ലെങ്കിൽ അവരെ കാണുന്നതുവരെ വീണ്ടും ചെല്ലും. വെറുതേ കണ്ടുപോന്നാൽ പോരാ. അവരോട് ഇരുന്ന് സംസാരിക്കണം. വളരെ ഗൗരവത്തോടെ ഗൃഹസന്ദർശനത്തെ കാണണമെന്നാണ് നിർദേശം. സിപിഎം വോട്ടുകൾ വ്യാപകമായി മാറ്റി ചെയ്യപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവർ പറയുന്ന കാര്യങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തണം.
സംസ്ഥാന നേതൃത്വം നടത്തിയ വിലയിരുത്തലുകൾ ജില്ലാ കമ്മിറ്റികളിൽ ചർച്ചചെയ്തശേഷം കീഴ് ഘടകങ്ങളിലേക്ക് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് വിശദമായി ചർച്ചചെയ്തു. മന്ത്രി പി. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.
എട്ട്, ഒൻപത് തീയതികളിൽ ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്കുള്ള അംഗങ്ങളെ വിളിച്ചുചേർത്ത് മേൽക്കറ്റി അംഗീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും.
തോൽവി സംബന്ധിച്ച് പ്രാദേശികമായി ഉയർന്നിട്ടുള്ള പരാതികളും പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള സംഘടനാ ദൗർബല്യങ്ങൾമൂലം എവിടെയെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അത് പാർട്ടി പ്രത്യേകം പരിശോധിക്കും. അത്തരം പരാതികൾ പരിശോധിക്കാനും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി രൂപവത്കരിച്ച വാർഡ് കമ്മിറ്റികളെല്ലാം അംഗത്വം പുതുക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ബ്രാഞ്ച് കമ്മിറ്റികളായാണ് പ്രവർത്തിച്ചുവരുന്നത്. ആ പ്രവർത്തനങ്ങൾ വേഗത്തിൽ തീർത്ത് ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഏരിയാ കമ്മിറ്റികൾ മണ്ഡലം കമ്മിറ്റികളായിട്ടായിരിക്കും പ്രവർത്തിക്കുക. ഏരിയാ കമ്മിറ്റികൾക്കു കീഴിൽ ഒന്നിലധികം നിയമസഭാ മണ്ഡലങ്ങൾ വരുന്നിടത്ത് നേതാക്കൾ രണ്ട് കമ്മിറ്റികളായിട്ടായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രവർത്തിക്കുക.
Content Highlights: CPM launches `Graholsavam` (door-to-door visits) across Kerala from Nov 15-22 to understand the real reasons behind their recent local body election defeat. All levels of party members will participate.