വിലക്ക് മറികടന്ന് റിയാസിന്റെ വാർത്താസമ്മേളനം; പാർട്ടിയിൽ എതിർപ്പ്

കോഴിക്കോട്: വിശാല സംസ്ഥാന സമ്മേളനയോഗം നടക്കുന്നതിനിടെ മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടിയിൽ എതിർപ്പ്. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ മറ്റ് നേതാക്കൾക്ക് ശക്തമായ വിലക്കുണ്ട്. ഇതിനിടെയാണ് ചൊവ്വാഴ്ച്ച രാവിലെ റിയാസ് സ്വന്തം നിലയ്ക്ക് വാർത്താസമ്മേളനം നടത്തിയത്. ഇതോടെ ഇത് പാർട്ടി സെക്രട്ടറിയെ മറികടക്കുന്നതായിപ്പോയി എന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നടക്കം പാഠങ്ങൾ ഉൾക്കൊണ്ട് തെറ്റ് തിരുത്തി ശക്തമായ തിരിച്ചവുരവ് ലക്ഷ്യമിട്ടാണ് ആദ്യമായി കോഴിക്കോട്ട് സി.പി.എം മൂന്ന് ദിവസത്തോളം നീണ്ട് നിന്ന വിശാല സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ ചർച്ചകളും തുടർപരിപാടികളുമാണ് മൂന്നൂറിൽ അധികം ആളുകൾ പങ്കെടുത്ത യോഗത്തിൽ ഉണ്ടായത്. യോഗത്തിൽ ഉയർന്ന് വന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും അവസാന ദിവസമായ ചൊവ്വാഴ്ച്ച പാർട്ടി സെക്രട്ടറി കൂടിയായ എം.വി ഗോവിന്ദൻ മറുപടി പറയാനുമിരിക്കെയാണ്. ഇതിനിടെയാണ് റിയാസിന്റെ വാർത്താസമ്മേളനം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടക്കുന്ന ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയാണ് വിശാല സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എം.വി ഗോവിന്ദൻ മറുപടി പറഞ്ഞത്. ഇതിന്റെ പ്രധാന കാരണം സമ്മളനത്തിന്റെ ഫോക്കസ് ഇ.ഡി അന്വേഷണത്തിലേക്കും പിണറായി വിജയന്റെ കുടുംബത്തിലേക്കും വഴിതിരിഞ്ഞ് പോകുമെന്നുള്ള തിരിച്ചറിവിലാണ്.
ഇ.ഡിയെ ചെറുക്കാൻ പൊതുകൂട്ടായ്മ സംഘടിപ്പിക്കുമെന്ന മറുപടിയല്ലാതെ പിണറായി വിജയന്റെ കുടുംബത്തിനെതിരെ നടക്കുന്ന ഇഡി നടപടിയെ ഇപ്പോൾ പൂർണമായി പ്രതിരോധിക്കേണ്ട എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. ഇതോടെയാണ് സ്വന്തംനിലയ്ക്ക് വാർത്താസമ്മേളനം വിളിക്കാൻ റിയാസ് മുതിർന്നതെന്നും കരുതുന്നുണ്ട്.
ഇ.ഡി തന്റെ പച്ച ഇറച്ചി കടിച്ച് തിന്നുകയാണ് എന്ന തരത്തിലുള്ള വൈകാരികമായ വാക്കുകൾ കോഴിക്കോട്ട് സമ്മേളനം തുടങ്ങുന്നതിന് മുമ്പെ തന്നെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഹമ്മദ് റിയാസ് ഉപയോഗിച്ചിരുന്നു. മാത്രമല്ല മനപൂർവം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു. എന്നിട്ട് പോലും വിഷയത്തിൽ വേണ്ടത്ര പിന്തുണ കോഴിക്കോട്ട് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തനിക്ക് ലഭിച്ചില്ല എന്ന തോന്നലാണ് റിയാസിനുള്ളത്.
ചൊവ്വാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിലും ഇ.ഡി തന്നെ വേട്ടയാടുകയാണെന്നും മനപൂർവം വ്യക്തിഹത്യ നടത്തുകയാണെന്നും ഇപ്പോഴത്തേതാണ് വലിയ ശിക്ഷയെന്നും മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ടെന്നും റിയാസ് പറഞ്ഞിരുന്നു. ഇതോടെ ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഇതാണ് നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തിയത്.
തനിക്കെതിരെ നടക്കുന്ന ഇ.ഡി നടപടി തന്നെ തകർക്കാനാണെന്നും അതുവഴി പാർട്ടിയെ തകർക്കുകയാണ് ലക്ഷ്യമെന്നും കഴിഞ്ഞദിവസം പിണറായി വിജയനും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ വിഷയത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
പാർട്ടി ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയെന്നും ഭരണത്തിന്റെ നിഴലായി മാത്രം പാർട്ടിമാറിപ്പോയെന്നും തരത്തിലുള്ള വിമർശനം യോഗത്തിൽ പ്രതിനിധികൾ ഉന്നയിച്ചിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്താണ് ഇ.ഡി അന്വേഷണ വിഷയത്തിൽ നിന്ന് മനഃപൂർവ്വം സംസ്ഥാന സെക്രട്ടറി മാറി നിന്നത്.
Content Highlights: PA Mohammed Riyas conducted a solo press conference during the CPM state committee meeting in Kozhikode., The move caused unrest within the party as it bypassed state secretary MV Govindan., Riyas expressed deep concern over the ongoing ED investigation targeting him and his family., Delegates at the state committee criticized that the party is shrinking around individuals and becoming a shadow of the government.