RSS കടന്നുകയറ്റത്തിന്‌ SNDP നേതൃത്വംകൂട്ടുനിന്നു, NSS നേതൃത്വത്തിന് വർഗീയവിരുദ്ധ നിലപാട്- CPM

#ന്യൂസ് ഡെസ്ക്
വെളളാപ്പളളി നടേശൻ, പിണറായി വിജയൻ | Photo: C Biju / Mathrubhumi
വെളളാപ്പളളി നടേശൻ, പിണറായി വിജയൻ | Photo: C Biju / Mathrubhumi

ആലപ്പുഴ: ബി.ഡി.ജെ.എസ്.വഴിയും മറ്റും അന്യമതവിദ്വേഷം കുത്തിവെച്ച് ആർ.എസ്.എസിന്റെ കടന്നുകയറ്റത്തിന്‌ എസ്.എൻ.ഡി.പി. യോഗനേതൃത്വം കൂട്ടുനിന്നെന്ന് സി.പി.എം.. വിപുലീകൃത ജില്ലാക്കമ്മിറ്റിയിൽ പി.ബി. അംഗം പിണറായി വിജയൻ അവതരിപ്പിച്ച സംസ്ഥാന സമിതിയുടെ തിരുത്തൽരേഖയിലാണ് വെള്ളാപ്പള്ളി നടേശന്റെ പേരുപരാമർശിക്കാതെ വിമർശം ഉന്നയിക്കുന്നത്.

എസ്.എൻ.ഡി.പി.യിൽ ഭൂരിപക്ഷവും മതേതര നിലപാടും ഇടതുപക്ഷ മനസ്സുമുള്ളവരാണ്. ഇതിനു വിപരീതമാണ് എൻ.എസ്.എസിലെ സ്ഥിതി. നേതൃത്വം വർഗീയശക്തികൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും താഴെത്തട്ടിൽ കാവിവത്കരണം ശക്തമായിട്ടുണ്ട്.

പ്രധാന കെ.പി.എം.എസ്. വിഭാഗം അടക്കം പിന്നാക്ക സമുദായങ്ങളും മതേതര നിലപാടുകൾ മുറുകേ പിടിക്കുമ്പോൾ ചില ഒറ്റപ്പെട്ട സംഘടനകൾ ആർ.എസ്.എസ്. പ്രീണനത്തിൽപ്പെട്ടുപോകുന്നുണ്ട്. അധികാരമോഹവും പാർലമെന്ററി വ്യാമോഹവുമാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്കും വിഭാഗീയതയ്ക്കും കാരണം. ആലപ്പുഴയിലടക്കം ചിലർ പാർട്ടിവിട്ട് എതിർപാളയത്തിൽനിന്നു മത്സരിക്കാൻ തയ്യാറായത് ഇതുമൂലമാണ്- പിണറായി അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.