കുട്ടനാട് എം.എൽ.എക്കെതിരേ സി.പി.എം ജില്ലാ സെക്രട്ടറിയുടെ രൂക്ഷവിമർശനം; പ്രതിരോധിക്കാനാകാതെ എൻ.സി.പി

ആലപ്പുഴ: കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസിനെതിരേ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ നടത്തിയ രൂക്ഷ വിമർശനത്തിൽ പ്രതികരിക്കാനാകാതെ എൻ.സി.പി. ജില്ലാ കമ്മിറ്റി. കുട്ടനാടിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.എൽ.എ.ക്കു കഴിയുന്നില്ലെന്നും എൻ.സി.പി.യിലെ തർക്കം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് നാസർ പറഞ്ഞത്.
എന്നാൽ, ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഒരാൾപോലും ഇതിനെതിരേ എൻ.സി.പി.യിൽനിന്നു പ്രതികരിച്ചിട്ടില്ല. നാസർ പറഞ്ഞതു തെറ്റാണെന്നും ഏകോപനത്തിൽ വീഴ്ചയില്ലെന്നും തോമസ് കെ. തോമസ് മറുപടി പറഞ്ഞെങ്കിലും പിന്തുണയ്ക്കാൻ ആരും തയ്യാറായതുമില്ല.
ജില്ലാ കമ്മിറ്റി ഓഫീസ് തുറക്കാൻപോലും കഴിയാത്തവിധം തമ്മിലടിയിലാണ് എൻ.സി.പി. ആലപ്പുഴ ജില്ലാ ഘടകം. ഭൂരിഭാഗം നേതാക്കളും മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവരാണ്.
എന്നാൽ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് കെ. തോമസ് വരുന്നതിനോട് അവർക്കും യോജിപ്പില്ല.
ആലപ്പുഴയിൽപ്പോലും എല്ലാവരെയും കൂട്ടിയോജിപ്പിക്കാനാകാത്ത തോമസ് കെ. തോമസ് എങ്ങനെ സംസ്ഥാന പ്രസിഡന്റ് പദവി നിറവേറ്റുമെന്നാണ് അവർ ചോദിക്കുന്നത്.
ഘടകകക്ഷി എം.എൽ.എ.മാരുടെ വീഴ്ച പൊതുവേദികളിൽ സാധാരണ സി.പി.എം. പ്രകടിപ്പിക്കാറില്ല. ഇതിനു വിപരീത സമീപനമാണ് എൽ.ഡി.എഫ്. ജില്ലാ കൺവീനർകൂടിയായ ആർ. നാസർ സ്വീകരിച്ചത്. അഞ്ചാറുപേരുള്ള പാർട്ടിയെന്ന അധിക്ഷേപവുമുണ്ടായി.
ഇതിനിടെ, തോമസ് കെ. തോമസ് എൻ.സി.പി. സംസ്ഥാന പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമം ആലപ്പുഴയിലെ നേതാക്കൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവർ ദേശീയ പ്രസിഡന്റിന് കത്തയച്ചു.
പി.സി. ചാക്കോയെ മാറ്റരുതെന്നാവശ്യപ്പെട്ട ദേശീയ സെക്രട്ടറി സതീഷ് തോന്നയ്ക്കലുമായി യോജിച്ച് എം.എൽ.എ.ക്കെതിരേയുള്ള നടപടിയും ഇവർ ആരംഭിച്ചിട്ടുണ്ട്.
Content Highlights: CPM criticism against Kuttanad MLA